KeralaIndiaNewsInternationalGulf

കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണം;പി സി ജോര്‍ജ്ജ്

തിരുവനന്തപുരം:കര്‍ഷക വിഷയവും വിദ്യാര്‍ത്ഥി ലോണും അവതരിപ്പിച്ച്‌ കൈയടി നേടിയ ജോര്‍ജ്ജ് ഒടുവില്‍ പ്രവാസികള്‍ക്ക് വേണ്ടിയും രംഗത്ത് വന്നിരിക്കുകയാണ്.വിമാനക്കമ്പനിക്കാര്‍ നടത്തുന്ന കൊള്ളയ്ക്കെതിരെയാണ് പി.സി ആഞ്ഞടിച്ചത്. മണലാരണ്യങ്ങളില്‍ കഷ്ടപ്പെടുന്ന പ്രവാസികളെ അമിത ചാര്‍ജ് ഈടാക്കി വിമാനക്കമ്പനിക്കാര്‍ കൊള്ളലാഭം കൊയ്യുകയാണെന്ന് പിസി പറയുന്നു.പ്രവാസികളുടെ പ്രശ്നം പരിഹരിക്കുന്നതിന് ഒരൊറ്റ പോം വഴി മാത്രമാണ് ഉള്ളത്. കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണം. ശബരിമല വിമാനത്തവള പദ്ധതി ഇല്ലാതായ സ്ഥിതിക്ക് ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വരുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് പിസി പറയുന്നു.

“നമ്മുടെ നാട്ടിലെ സാധാരണക്കാരായ മലയാളികള്‍ വിദേശത്ത് ജോലിചെയ്യുന്ന മലയാളികള്‍, കേരളത്തിന് പുറത്ത് ജോലിചെയ്യുന്ന നമ്മുടെ മലയാളികള്‍ അവരെ കോരിയെടുത്ത് തട്ടിപ്പറിക്കുന്ന വിമാന കമ്പനികള്‍. ആ കമ്പനികള്‍ക്കെതിരെ കേരളം ശക്തമായ നിലപാടുകള്‍ സ്വീകരിച്ചേ മതിയാവൂ സര്‍. പ്രത്യേകിച്ച്‌ തിരുവോണം ക്രിസ്തുമസ് ബക്രീദ് തുടങ്ങിയ അവസരങ്ങളില്‍ വിമാനക്കമ്പനി ചാര്‍ജങ്ങു വര്‍ദ്ധിപ്പിക്കുകയാണ്. ഇപ്പോള്‍ ഉദാഹരണത്തിന് ഇപ്പോള്‍ നമ്മുടെ കേരളത്തില്‍ നിന്നും അറബി രാജ്യങ്ങളിലേക്ക് ടിക്കറ്റ് ചോദിച്ചാല്‍ 8,000 രൂപയ്ക്ക് കൊണ്ടുക്കൊടുക്കും. എന്നാല്‍ ഈ വിമാന കമ്പനിക്കാര്‍ ഡിസംബര്‍ മുതല്‍ ജനുവരി മാസം വരെ 25000 രൂപ പിടിച്ചു പറിക്കും. ഇങ്ങനെ പിടിച്ചു പറിച്ചാണ് നമ്മുടെ വിമാനക്കമ്പനിക്കാര്‍ നടത്തുന്നത്. “

“നമ്മുടെ ഇന്ത്യാ രാജ്യത്ത് എയര്‍ ഇന്ത്യ കാണിക്കുന്ന മര്യാദകേടോ? ബോര്‍ഡിങ് പാസ് കൊടുത്താല്‍ അതങ്ങ് ക്യാന്‍സല്‍ ചെയ്യും.ഞാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. എനിക്ക് ചൂണ്ടിക്കാട്ടാനുള്ളത്, ശബരിമല വിമാനത്താവളത്തെക്കുറിച്ചാണ്. വളരെ പ്രധാനപ്പെട്ടതാണ് അവിടെ ഒരു വിമാനത്താവളം. ശബരിമലയില്‍ എയര്‍പോര്‍ട്ട് ഉണ്ടാക്കുന്നതിനായി നമ്മള്‍ ആറന്മുളയിൽ സ്ഥലം ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ സംസാരിച്ചിരുന്നു. അത് നടക്കില്ലെന്ന് ബോധ്യമായി. ആ നിലയ്ക്ക് ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥലം ഏറ്റെടുക്കണം. കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണം. സ്ഥലം വിമാനത്താവളത്തിന് വേണ്ടി നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്.ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു.”

“വളരെ സന്തോഷപൂര്‍വ്വമാണ് അദ്ദേഹം സംസാരിച്ചത്. ആ സ്ഥലത്തുനിന്ന് ശബരിമലയിലേക്ക് 28 കിലോമീറ്റര്‍ മാത്രമാണ് ദൂരം. അങ്ങനെനോക്കുമ്പോൾ , കേരളത്തില്‍ ഒരു അന്താരാഷ്ട്ര വ്ിമാനത്താവളം നിര്‍മ്മിക്കുന്നതിന് ഇതിലും അനുയോജ്യമായ സ്ഥലം ഇല്ല. എത്രയും പെട്ടന്ന് അവിടെ വിമാനത്താവളം തുടങ്ങുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. ഡൊമസ്റ്റിക് വിമാനത്താവളം ഉണ്ടാക്കി എത്രയും പെട്ടന്ന് തന്നെ അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തണം.ഇങ്ങനെയല്ലാതെ മലയാളികളെ രക്ഷപ്പെടുത്താന്‍ കഴിയില്ല” പി സി ജോർജ് നിയമസഭയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button