ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് റീത്താ ബഹുഗുണ ജോഷിയുടെ വക രാഹുല്‍ഗാന്ധിക്ക് രൂക്ഷവിമര്‍ശനം.
“സോണിയാഗാന്ധിക്ക് കോണ്‍ഗ്രസിന്‍റെ സംഘടനാസ്വഭാവം അറിയാമായിരുന്നു. അന്തിമമായി അവര്‍ എന്തു തീരുമാനം എടുത്തിരുന്നാലും, ഞങ്ങളെപ്പോലെ ഉള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള സന്മനസ്സും അവര്‍ കാണിച്ചിരുന്നു. പക്ഷേ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന്‍ കീഴില്‍ ഈ ചെറിയകാര്യം പോലും നടപ്പിലാകുന്നില്ല,” ജോഷി പറഞ്ഞു.
“ഇന്ത്യ മുഴുവന്‍ രാഹുലിന്‍റെ നേതൃത്വത്തെ സ്വീകരിക്കാന്‍ തയാറാകത്തതു പോലെ, ഉത്തര്‍പ്രദേശിലെ ജനങ്ങളും രാഹുലിന്‍റെ നേതൃത്വത്തെ സ്വീകരിക്കാന്‍ ഒരുക്കമല്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വരെ രാഹുലില്‍ അസംതൃപ്തരാണ്,” ജോഷി കൂട്ടിച്ചേര്‍ത്തു.
രാഹുലിന്‍റെ “ഖൂന്‍ കി ദലാലി” പരാമര്‍ശത്തേയും വിമര്‍ശിച്ച ജോഷി ഇന്ത്യന്‍ സൈന്യത്തിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ വിലകുറച്ചു കാണിക്കുന്ന ഈ പരാമര്‍ശം രാഹുലില്‍ നിന്നുണ്ടായത് തന്നെ ഏറെ വേദനിപ്പിച്ചു എന്നും പറഞ്ഞു.
“കോണ്‍ഗ്രസ് പോലൊരു ദേശീയപാര്‍ട്ടിയെ നയിക്കാനുള്ള കഴിവ് രാഹുലിനില്ല. ജനങ്ങള്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്,” ജോഷി പറഞ്ഞു.
പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസിന്‍റെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ചുമതല തീറെഴുതിക്കൊടുത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നടപടിയും ജോഷിയുടെ വിമര്‍ശനത്തിന്‍റെ ഇരയായി.
Post Your Comments