മുംബൈ: പാകിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തുന്നതിനെ പിന്തുണച്ച് റിലൈൻസ് ഉടമ മുകേഷ് അംബാനി. എന്റെ രാജ്യമാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലുത്. ഞാൻ ഒരു ബുദ്ധിജീവി അല്ലാത്തതുകൊണ്ട് എനിക്ക് എനിക്ക് ഒന്നും മനസിലാകില്ല. പക്ഷെ എല്ലാ ഇന്ത്യക്കാരെയും സംബന്ധിച്ചെന്ന പോലെ ഇന്ത്യ തന്നെയാണ് എനിക്ക് ഏറ്റവും പ്രധാനമെന്നും ഒരു അഭിമുഖത്തിൽ മുകേഷ് അംബാനി പറഞ്ഞു.
ഇന്ത്യ – പാക് ബന്ധം സംഘർഷാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ ബോളിവുഡിൽ പാക് അഭിനേതാക്കളെ സിനിമകളിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നത ശക്തമായിരിക്കുകയാണ്. പാക് അഭിനേതാക്കൾ ഉൾപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരു വിഭാഗം തീയറ്റർ ഉടമകൾ പ്രഖ്യാപിച്ചിരുന്നു. നാല് സംസ്ഥാനങ്ങളിലെ ഒറ്റ സ്ക്രീൻ തീയറ്ററുകളിൽ മാത്രമാണ് വിലക്ക് എന്നതിനാൽ ഒക്ടോബർ 28ന് പുറത്തിറങ്ങാനിരിക്കുന്ന കരൺ ജോഹറിന്റെ യേ ദിൽ ഹേ മുശ്കിൽ എന്ന ചിത്രത്തെ അത് കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്.
മുംബൈ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചിത്രത്തിന്റെ നിർമ്മാതാക്കൾ ചർച്ച നടത്തിയിരുന്നു. തീയറ്ററുകൾക്ക് പോലീസ് സുരക്ഷ നൽകാമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ അടിച്ചുതകർക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
പാക് ചിത്രങ്ങൾ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുകേഷ് ഫെസ്റ്റിവൽ സ്പോൺസർ ചെയ്യുന്നത് അംബാനിയുടെ റിലൈൻസ് ജിയോ അടക്കമുള്ളവരാണ്. പാകിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാകുന്നത് വരെ പാക് അഭിനേതാക്കളെ ഒഴിവാക്കണമെന്ന് ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു.
Post Your Comments