മുംബൈ: സൗത്ത് മുംബൈയിലെ ബഹുനില കെട്ടിടമായ മേക്കര്‍ ടവറിനു തീപ്പിടിച്ചു. അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ തീപ്പിടിത്തമുണ്ടായത്. ബജാജ് ഇലക്ട്രിക്കല്‍സ് എം.ഡി ശേഖര്‍ ബജാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റാണ് കത്തിനശിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
രണ്ടുപേരെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ കെട്ടിടത്തില്‍ തീപ്പിടിത്തം തടയുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നത് സഹായിച്ചു. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ 19 രോഗികള്‍ മരിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് മുംബൈയിലും തീപ്പിടിത്തം നടന്നത്.
Post Your Comments