
ബെംഗളൂരു: അസഹിഷ്ണുത ഏറ്റവും കൂടുതലുള്ളത് കേരളത്തിലെയും ബംഗാളിലെയും സി പി എം നേതാക്കന്മാർക്കാണെന്ന് രാജീവ് ചന്ദ്രശേഖർ എം പി. ആർ എസ് എസ് അനുകൂല ബൗദ്ധിക കൂട്ടായ്മയായ മന്ഥന “കമ്മ്യൂണിസ്റ്റ് അതിക്രമം” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സി പി എം നേതൃത്വത്തിൽ നടത്തുന്ന അതിക്രമങ്ങൾ ക്രൂരമാണെന്നും ഇതിനെതിരെ ജനകീയ കൂട്ടായ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.
കലാപഭൂമിയായി കണ്ണൂർ മാറിയെന്നും ഇതിനു ഉത്തരവാദികൾ സി പി എം ആണെന്നും മീനാക്ഷി ലേഖി പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് അതിക്രമങ്ങൾ നേരിട്ട് മനസിലാക്കാൻ ബി ജെ പി നിയോഗിച്ച കേന്ദ്ര സംഘത്തിലെ അംഗമായിരുന്ന മീനാക്ഷി ലേഖി കണ്ണൂർ സന്ദർശിച്ച അനുഭവങ്ങളും വിവരിച്ചു.
കേരളത്തിലെ സി പി എം നേതൃത്വത്തിനും പ്രവർത്തകർക്കും മനോനില തെറ്റിയിരിക്കുകയാണെന്ന് അതിക്രമത്തിൽ ഇരു കാലുകളും നഷ്ടമായ സി സദാനന്ദൻ പറഞ്ഞു. മനുഷ്യത്വമില്ലാത്ത ആശയമാണ് കമ്മ്യൂണിസ്റ്റുകാരുടേതെന്ന് ആർ എസ് എസ് അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് ജെ നന്ദകുമാർ പറഞ്ഞു.
മന്ഥന ബെംഗളൂരു മഹാനഗര പ്രസിഡണ്ട് ഡോ. ഗിരിധർ ഉപാധ്യയ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആർ എസ് എസ്-ബി ജെ പി പ്രവർത്തകരെപ്പറ്റി വിവരിക്കുന്ന ആഹൂതി എന്ന ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പും യോഗത്തിൽ പ്രകാശനം ചെയ്തു.
Post Your Comments