ഇസ്ലാമാബാദ്: ഇന്ത്യയെ ലക്ഷ്യമാക്കി തുടര്‍ച്ചയായി ഭീകരത ആയുധമാക്കുന്ന പാകിസ്ഥാന് അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടലിന്റെ വക്കിലാണെന്ന മുന്നറിയിപ്പുമായി പ്രമുഖ പാക് പത്രം തന്നെ രംഗത്ത്. ഏറ്റവും അടുത്ത സുഹൃത്തെന്ന് കരുതപ്പെടുന്ന ചൈന പോലും ഭീകരതയ്ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയാറാകാത്ത പാകിസ്ഥാന്റെ നിർജീവാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ദ നേഷൻ ദിനപത്രം മുഖപ്രസംഗത്തിലൂടെ തങ്ങളുടെ ആശങ്ക അറിയിച്ചത്.
ദി നേഷന്‍ പാക് സർക്കാരുമായും സൈന്യവുമായും വളരെ അടുത്ത ബന്ധം പുലർത്തുന്ന പ്രസിദ്ധീകരണമാണ്. അതിനാല്‍ത്തന്നെ രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും നവാസ് ഷെരീഫ് സർക്കാരിനെ വിമർശിച്ച് ദി നേഷന്‍ രംഗത്ത് വന്നത് വളരെയധികം വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്.
ആഗോള ഭീകര പ്രവർത്തനത്തിന്റെ മാതൃത്വം പാകിസ്ഥാനാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രസംഗിച്ചതിന് പിന്നാലെയാണ് ദി നേഷന്റെ വിമർശനമെന്നതും ശ്രദ്ധേയമാണ്.
“പാക് മണ്ണിലെ ഭീകരരെ തുരത്താൻ ഇനിയും പാകിസ്ഥാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തിന് ആഗോള തലത്തിൽ തന്നെ കനത്ത ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരും. പാകിസ്ഥാനെ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുത്താൻ ഇന്ത്യ എത്രത്തോളം ശ്രമിക്കുന്നു എന്നതിന് ഉദാഹരണമാണ് മോദിയുടെ പ്രസ്താവന. സാർക് ഉച്ചകോടി ബഹിഷ്കരിച്ചതു മുതൽ ഇന്ത്യയിൽ അഭിനയിക്കുന്ന പാകിസ്ഥാൻ താരങ്ങളെ വിലക്കിയതും ഇതിന്റെ ഭാഗമാണ്. ആഗോള തലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെട്ടാൽ അതിന്റെ പരിണിത ഫലം ഗുരുതരമായിരിക്കും. പാകിസ്ഥാൻ അത് ആഗ്രഹിക്കുന്നില്ല,” മുഖപ്രസംഗത്തില്‍ ദി നേഷന്‍ പറഞ്ഞു.
പാക് സൈന്യത്തിനെതിരേയും ദി നേഷന്‍ രൂക്ഷവിമര്‍ശനം അഴിച്ചു വിടുന്നുണ്ട്.
Post Your Comments