കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.നേരത്തെ ബാബുവിനെതിരെ വിജിലൻസ് ത്വരിത പരിശോധന നടത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ ത്വരിതപരിശോധനയില്‍ ബാബു നല്‍കിയ മൊഴിയിലെ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് ബാബുവിനെതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച എറണാകുളം വിജിലന്‍സില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ 10 കോടി രൂപ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ രഹസ്യമൊഴിയെ തുടര്‍ന്ന് ബാബുവിനെതിരെ പ്രാഥമികാന്വേഷണം നടത്തിയിരുന്നു.എന്നാൽ അന്വേഷണം നടത്തിയ ഡിവൈഎസ്പി എംഎന്‍ രമേശ് ബാബു പണം വാങ്ങിയതിനു തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് സമർപ്പിച്ചത്.എന്നാല്‍, പ്രാഥമികാന്വേഷണം വിജിലന്‍സിന്റെ നടപടിക്രമങ്ങളില്‍ പെടുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്ന് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു.ഇതേ തുടർന്ന് വിജിലന്‍സ് എസ്പി ആര്‍ നിശാന്തിനി നേരിട്ട് നടത്തിയ ത്വരിതാന്വേഷണത്തിനൊടുവില്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ബാബുവിനെതിരേ തെളിവില്ലെന്ന കണ്ടെത്തലാണ് ഉണ്ടായത്.. ഇതോടെ നിശാന്തിനി അന്വേഷണം അട്ടിമറിച്ചെന്നുള്ള ആരോപണവുമുയർന്നിരിന്നു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷന്‍ നേതാവും ബാറുടമയുമായ വിഎം രാധാകൃഷ്ണന്‍ നൽകിയ പരാതിയിലാണ് ബാബുവിനെതിരെ വീണ്ടും ത്വരിതാന്വേഷണത്തിന് ഉത്തരവായത്.
ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും മദ്യനയം രൂപീകരിച്ചതിലുമെല്ലാം വന്‍ അഴിമതി നടന്നു,കൂടാതെ ഇഷ്ടക്കാര്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ ബാബു വഴിവിട്ട ഇടപെടലുകള്‍ നടത്തി, ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളെപ്പോലും ഇടനിലക്കാരനാക്കി പണം പിരിച്ചു, അഴിമതി നടത്താന്‍ വേണ്ടി ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്സൈസ് കമ്മിഷണറില്‍ നിന്ന് എടുത്തുമാറ്റി തുടങ്ങിയവയാണ് ബാബുവിനെതിരായ ആരോപണങ്ങൾ.ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വീണ്ടും ബാബുവിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments