ന്യൂജേഴ്സി: താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയും അമേരിക്കയും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കും നല്ലൊരു ഭാവിയായിരിക്കും ഉണ്ടാവുക എന്നും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. ട്രംപ് റിപ്പബ്ലിക്കന്‍ ഹിന്ദു കോലിഷനന് സംഘടിപ്പിച്ച ചാരിറ്റി പരിപാടിയിലാണ് സംസാരിച്ചത്.
ട്രംപ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു. ഇത് അമേരിക്കയ്ക്കും ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പൊതു പരിപാടിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യമായാണ് ട്രംപ് പങ്കെടുക്കുന്നത്. ഹിന്ദുക്കളുടെയും ഇന്ത്യയുടെയും വലിയ ആരാധകനാണ് താന്‍. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഹിന്ദു സമൂഹത്തിന്റെയും ഇന്ത്യയുടെയും യഥാര്‍ത്ഥ സുഹൃത്തായി വൈറ്റ്ഹൗസില്‍ ഇരുന്നുകൊണ്ട് നിലകൊള്ളും. 19 മാസം മുന്‍പ് താന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇനിയും ഒരുപാട് തവണ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിനെയും ട്രംപ് പ്രശംസിച്ചു. ഇന്ത്യ പല ആക്രമണങ്ങളിലൂടെയും ഭീകരവാദത്തിന്റെ ക്രൂരമുഖം കണ്ടതാണ്. തനിക്ക് മുംബൈ സിറ്റി വളരെ ഇഷ്ടമാണ്. ഇവിടെ നടന്ന ഭീകരാക്രമണം നിഷ്ഠൂരമാണെന്നും 5,000-ത്തോളം ഇന്ത്യക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം മുന്‍പ് ഒരു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അമേരിക്കയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണയ്ക്കാനും വോട്ട് ചെയ്യാനും അതുവഴി ഭീകരവാദത്തോട് പൊരുതാനും ഹിന്ദുക്കളോട് ട്രംപ് ആഹ്വാനം ചെയ്തു.
Post Your Comments