ന്യൂഡല്‍ഹി: നിയമങ്ങളെയും അധികൃതരുടെയും കണ്ണുവെട്ടിച്ച് വിജയ് മല്യയ്ക്ക് പിന്നാലെ പ്രമുഖ മാംസ കയറ്റുമതിക്കാരന്‍ മൊയിന്‍ ഖുറേഷിയും നാടുവിട്ടു. ദുബായിലേക്കാണ് ഖുറേഷി പറന്നുയര്‍ന്നത്. ഹവാല ഇടപാട്, വിദേശനാണ്യ വിനിമയ ചട്ട ലംഘനം എന്നീ കേസുകള്‍ നിലനില്‍ക്കെയാണ് വിദേശത്തേക്ക് ഇയാള്‍ കടന്നത്.
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ആദ്യം തടഞ്ഞെങ്കിലും പിന്നീട് യാത്ര ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. കോടതിയില്‍ താന്‍ ബോണ്ട് നല്‍കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ കോടതി തനിക്ക് വിദേശ യാത്രയ്ക്കുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും ഖുറേഷി ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ എത്തുന്നതിനുമുന്‍പ് ഖുറേഷി സ്ഥലംവിടുകയും ചെയ്തു. ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുന്ന ഒരു പ്രതിക്ക് അനുകൂലമായി ഒരു കോടതിയും വിധി പറയില്ലെന്നും അദ്ദേഹം വിദേശത്തേക്കു രക്ഷപ്പെട്ടതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നുമാണ് ആരോപണം.
അനധികൃത സാമ്പത്തിക ഇടപാടുകള്‍ വഴി ഹോംങ്കോംഗിലേക്കും ചില യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഖുറേഷി വന്‍തുകകളുടെ ഇടപാട് നടത്തിയിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തേ കണ്ടെത്തിയിരുന്നു. ഫെമ നിയമത്തില്‍ ഉള്‍പ്പെടുത്തി അധികൃതര്‍ കേസ് എടുക്കുകയായിരുന്നു. ഖുറേഷിയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സമെന്റ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
Post Your Comments