കാകുല്‍: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്ക് നാവികസേനാ മേധാവി രംഗത്ത്. ഇന്ത്യയുടെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് പാക്ക് അഡ്മിറല്‍ മുഹമ്മദ് സകാവുല്ല പറഞ്ഞു. പാക്കിസ്ഥാന്‍ വെറുതെയിരിക്കില്ലെന്നും ഇന്ത്യയുടെ നടപടി ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും നേരെയുണ്ടാകുന്ന ഏതാക്രമണത്തെയും എന്തുവില കൊടുത്തും തടയും. പാക്കിസ്ഥാന്‍ സൈനിക അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആപത്കരമായ നിരവധി ഘട്ടങ്ങള്‍ നേരിടുകയും അവയെ വിജയകരമായി മറിമടക്കുകയും ചെയ്ത രാജ്യമാണ് പാക്കിസ്ഥാന്‍. ദശാബ്ദങ്ങളായി ഉണ്ടാകുന്ന വെല്ലുവിളികളില്‍ കൂടുതല്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുണ്ടാകുന്ന ഏതു വെല്ലുവിളിയെയും തികഞ്ഞ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. ഭീകരവാദത്തെ രാജ്യത്തുനിന്നു തുടച്ചുനീക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. എല്ലാ അയല്‍രാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ജമ്മു കശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറയുന്നു.
Post Your Comments