റിയാദ്: വിദേശ ബാങ്കുകള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നിബന്ധനകള്‍ ലഘൂകരിക്കാന്‍ സൗദി പദ്ധതിയിടുന്നു. അന്താരാഷ്ട്ര ഏജന്‍സിയായ ബ്ലൂബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.സ്വകാര്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സൗദി വിഷന്‍ 2030 ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെയും രൂപരേഖയനുസരിച്ചാണ് സ്വകാര്യമേഖലയിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സൗദി അധികൃതര്‍ ശ്രമം നടത്തുന്നത്. സൗദി നിക്ഷേപ ഫണ്ടിന്റെ മേധാവിത്വവും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് വഹിക്കുന്നത്.
വിദേശ ബാങ്കുകള്‍ക്ക് രാജ്യത്തേക്ക് കടന്നുവരാന്‍ നിലവിലുള്ള നിയമങ്ങള്‍ കടമ്പകള്‍ സൃഷ്ടിക്കുന്നുണ്ട് എന്ന് സാമ്പത്തിക സഭ നടത്തിയ പഠനത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് നിബന്ധനകള്‍ ലഘൂകരിക്കാനുള്ള തീരുമാനം.സൗദി അറേബ്യ മോണിറ്ററി ഏജന്‍സിയും ദേശീയ നിക്ഷേപ ഫണ്ടും സഹകരിച്ചാണ് വിദേശ ബാങ്കുകളുടെ ശാഖകള്‍ സൗദിയില്‍ തുറക്കാനുള്ള നിയമാവലി ലഘൂകരിക്കുക. സൗദി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുതലിറക്കാനും ചെറുകിട സംരംഭങ്ങള്‍ക്ക് ലോണ്‍ അനുവദിക്കാനും വിദേശ ബാങ്കുകള്‍ക്ക് അവസരമൊരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്
Post Your Comments