ന്യൂഡല്‍ഹി● നിയന്ത്രണരേഖ മറികടന്ന് പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ സൈന്യം പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയ്ക്ക് മുന്നില്‍ വിശദീകരിച്ചു. മിന്നലാക്രമണത്തിന്‍റെ തെളിവ് എന്താണെന്ന രീതിയില്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും എതിരേ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സൈന്യത്തിന്റെ വിശദീകരണം.
മിന്നലാക്രമണത്തില്‍ ഭീകരര്‍ക്കുണ്ടായ നഷ്ടങ്ങള്‍, ഉണ്ടായിരുന്ന ഭീകരക്യാമ്പുകളുടെ എണ്ണം, അവിടെയുണ്ടായിരുന്ന ഭീകരരുടെ എണ്ണം, അവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളുടെ എണ്ണം തുടങ്ങിയവയാണ് സൈന്യം കമ്മറ്റിയെ ബോധ്യപ്പെടുത്തിയത്.
വേണ്ടി വന്നാല്‍ ഇനിയും നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്തുമെന്ന് സൈന്യം പാര്‍ലമെന്‍റ് അംഗങ്ങളെ അറിയിച്ചു. നിയന്ത്രണ രേഖയ്ക്ക് അപ്പുറം ലോഞ്ച്പാഡുകളില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മിന്നലാക്രമണമെന്നും ലഫ്. ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഇത്തരം നീക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ ഭാവിയിലും ഇന്ത്യയ്ക്കെതിരെ ആക്രമണമുണ്ടായേക്കാം. ആക്രമണം നടത്തിയ വിവരം ഡയറക്ടര്‍ ജനറല്‍ പാകിസ്ഥാനിലെ തത്തുല്യ പദവി വഹിക്കുന്ന സൈനിക ഓഫീസറെ അറിയിച്ചതായും സേനാ ഉപമേധാവി പറഞ്ഞു.
Post Your Comments