NewsGulf

വിദേശികളായ പങ്കാളികളെ വിവാഹം ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍ദേശവുമായി സൗദി

റിയാദ്: സൗദി പൗരത്വമുളളവര്‍ വിദേശികളായ പങ്കാളികളെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങിയാൽ മാത്രമേ വിദേശികളെ വിവാഹം കഴിക്കാൻ സാധിക്കുവെന്ന് മാര്‍ഗനിര്‍ദ്ദേശത്തിൽ പറയുന്നു.

വിദേശികളായ യുവതികളെ വിവാഹം ചെയ്യാന്‍ അനുമതിയുളളത് 40നും 65നും ഇടയില്‍ പ്രായമുളള പുരുഷന്മാര്‍ക്കാണ്. അതുപോലെ വിവാഹം ചെയ്യുന്ന വിദേശ യുവതിക്ക് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. കൂടാതെ വധൂ-വരന്മാര്‍ തമ്മില്‍ 30 വയസിന്റെ പ്രായ വ്യത്യാസം ഉണ്ടാകാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വിവാഹിതരായ പുരുഷന്മാര്‍ വിദേശ വനിതകളെ വിവാഹം ചെയ്യണമെങ്കില്‍ നിലവിലുളള ഭാര്യ ദാമ്പത്തിക ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയാത്ത വിധം അസുഖമുളളവരാണെന്ന് ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

വിദേശ പുരുഷനെ സൗദി യുവതികള്‍ക്ക് വിവാഹം ചെയ്യണമെങ്കില്‍ 30നും 55നും ഇടയില്‍ പ്രായമുണ്ടാവണം.കൂടാതെ സൗദി വനിതകളെ വിവാഹം ചെയ്യുന്ന വിദേശികളുടെ ആദ്യ വിവാഹമായിരിക്കണമെന്നും നിബന്ധനയുണ്ട്. ഇവര്‍ സൗദിയിലോ മാതൃരാജ്യത്തോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാകരുത്. വിദേശ രാജ്യങ്ങളിലെ സേനയില്‍ ജോലി ചെയ്തവര്‍, പാരമ്പര്യ രോഗമുളളവർ തുടങ്ങിയവരെ സ്വദേശി വനിതകളെ വിവാഹം ചെയ്യാന്‍ അനുവദിക്കില്ല. സൗദിയില്‍ 5000 റിയാല്‍ അടിസ്ഥാന ശമ്പളമുളള ജോലി, താമസാനുമതി രേഖ എന്നിവ ഉണ്ടാവണമെന്നും 17 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ പുതിയ മാര്‍ഗനിര്‍ദ്ദേശം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button