ചെന്നൈ● പച്ചിലയില്‍നിന്നു പെട്രോള്‍ ഉണ്ടാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച രാമര്‍ പിള്ളയ്ക്കു മൂന്നുവര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും. ചെന്നൈ സി.ബി.ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പച്ചിലപെട്രോള്‍ എന്ന ആശ യം തട്ടിപ്പായിരുന്നെന്നും രാമര്‍പിള്ള കബളിപ്പിക്കുകയായിരുന്നെന്നും കോടതി കണ്ടെത്തി. രാമര്‍ പിള്ളയോടൊപ്പം മറ്റു നാലു പേരേയും കോടതി ശിക്ഷിച്ചു. ആര്‍ വേണുദേവി, എസ് ചിന്നസ്വാമി, ആര്‍ രാജശേഖരന്‍, എസ് കെ ഭരത് എന്നിവരാണു ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.
1996-ലാണു വിരുദുനഗര്‍ ജില്ലയിലെ രാജപാളയം സ്വദേശിയായ രാമര്‍ പിള്ള പച്ചിലയില്‍നിന്നു പെട്രോള്‍ ഉണ്ടാക്കാമെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയത്. പെട്രോള്‍ ക്ഷാമത്തിനു പരിഹാരമായി പച്ചിലയില്‍നിന്നുല്‍പാദിപ്പിക്കുന്ന ലായനി വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കാമെന്നായിരുന്നു രാമര്‍ പിള്ളയുടെ വാദം. രാമറിന്റെ കണ്ടുപിടുത്തത്തിന്റെ വാര്‍ത്ത രാജ്യത്ത് വന്‍ തരംഗം സൃഷ്ടിച്ചിരുന്നു.
ചില പച്ചിലകള്‍ പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി തിളപ്പിക്കുമ്പോള്‍ പെട്രോളിന്‍റെ ഗുണങ്ങളുള്ള ദ്രാവകം ഉല്‍പാദിപ്പിക്കാമെന്നായിരുന്നു രാമറിന്‍റെ വാദം. ഉപ്പും സിട്രിക് ആസിഡും ചേര്‍ക്കണമെന്നും രാമര്‍ പറഞ്ഞിരുന്നു. അന്നു തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിക്കും ശാസ്ത്രജ്ഞര്‍ക്കും മുന്നിലും പെട്രോള്‍ ഉല്‍പാദന വിദ്യ രാമര്‍ വിശദീകരിച്ചിരുന്നു. രാമര്‍ ബയോ ഫ്യുവെല്‍ എന്ന പേരിലാണ് ഈ ദ്രാവകം രാമര്‍ വിറ്റിരുന്നത്. താന്‍ ഉല്‍പാദിപ്പിച്ച പെട്രോള്‍ ഉപയോഗിച്ചു വാഹനങ്ങള്‍ സഞ്ചരിച്ചിരുന്നതായും രാമര്‍ അവകാശപ്പെട്ടിരുന്നു.
പച്ചില പെട്രോളിന്റെ പേരില്‍ മര്‍പിള്ളയും കൂട്ടാളികളും 2.27 കോടി രൂപ തട്ടിയതായും കോടതി കണ്ടെത്തി.
രാമര്‍ പിള്ളയും ചില എണ്ണക്കമ്പനി ഉദ്യോഗസ്ഥരും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ് തട്ടിപ്പു പെട്രോള്‍ എന്ന് കേസ് അന്വേഷിച്ച സി.ബി.ഐ കണ്ടെത്തിയിരുന്നു. പെട്രോളിയം ഉപോല്‍പന്നങ്ങളായ ബെന്‍സീന്‍, ടൊളുവിന്‍ എന്നിവ പ്രത്യേക അനുപാദത്തില്‍ കലര്‍ത്തി നിയമവിരുദ്ധമായ രീതിയില്‍ നിര്‍മിച്ച ദ്രാവകമാണ് പച്ചില പെട്രോള്‍ എന്നപേരില്‍ രാമര്‍ വില്‍പന നടത്തിയിരുന്നത്. രാമറിന്‍റെ ചെന്നൈയിലെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് സി.ബി.ഐ ഇക്കാര്യം കണ്ടെത്തിയത്.
2010 ല്‍ വേളാര്‍ ബയോ ഹൈഡ്രോ കാര്‍ബണ്ഡ ഫ്യുവല്‍ എന്ന പേരില്‍ ബയോ ഇന്ധനം വികസിപ്പിച്ചുവെന്ന് അവകാശപ്പെട്ട് രാമര്‍ രംഗത്തെത്തിയിരുന്നു.
Post Your Comments