സ്ത്രീകള്‍ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ പുറത്തു വന്നപ്പോള്‍ തന്നെ യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനമോഹി ഡൊണാള്‍ഡ് ട്രംപിനെ വിവാദങ്ങള്‍ മൂടിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ വനിതകള്‍ ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
മുന്‍ മിസ് അരിസോണ താഷ ഡിക്സന്‍ പറയുന്നത് 2001-ല്‍ മിസ്സ് യുഎസ്എ പേജന്‍റ് നടക്കുന്ന സമയത്ത് താഷയോടും മറ്റു മത്സരാര്‍ത്ഥികളോടും വസ്ത്രം ധരിച്ചോ അല്ലാതെയോ ട്രംപിനെക്കാണാന്‍ തങ്ങള്‍ക്ക് ആജ്ഞ ലഭിച്ചു എന്നാണ്. ഇതേത്തുടര്‍ന്ന്‍ താഷയും മറ്റു മത്സരാര്‍ത്ഥികളും മിസ്സ് ബിക്കിനി മത്സരത്തിനായി വസ്ത്രം മാറിക്കൊണ്ടിരിക്കെ ട്രംപ് ഡ്രസിംഗ് റൂമിലേക്ക് പൊടുന്നനെ കടന്നുചെന്നു. പല മത്സരാര്‍ത്ഥികളും അര്‍ദ്ധനഗ്നരായി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ട്രംപിന്‍റെ ഈ കടന്നുകയറല്‍. മറ്റുചിലര്‍ പൂര്‍ണ്ണനഗ്നരും ആയിരുന്നെങ്കിലും ആരും പരാതിപ്പെടാന്‍ ധൈര്യപ്പെട്ടില്ല എന്നും താഷ പറയുന്നു. മിസ്സ് യുഎസ്എ പേജന്‍റിന്‍റെ ഉടമസ്ഥന്‍ ട്രംപായിരുന്നതിനാലാണ് ആരും പരാതിപ്പെടാന്‍ ധൈര്യം കാണിക്കാത്തത്.
ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്ന മറ്റൊരു വനിത മിസ്സ് വാഷിംഗ്‌ടണ്‍ 2013 ആയിരുന്ന കസാന്‍ഡ്ര സീള്‍സാണ്. മിസ്സ് യുഎസ്എ പേജന്‍റിന്‍റെ സമയത്ത് ട്രംപ് തങ്ങളോട് കന്നുകാലികളോടെന്ന പോലെയാണ് പെരുമാറിയതെന്ന് സീള്‍സ് ഫേസ്ബുക്കില്‍ കുറിച്ചു. ട്രംപ് തുടര്‍ച്ചയായി തന്‍റെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു കൊണ്ടിരുന്നു എന്നും ഹോട്ടല്‍ മുറിയിലേക്ക് ചെല്ലാന്‍ ക്ഷണിച്ചു എന്നും സീള്‍സിന്‍റെ കുറിപ്പില്‍ പറയുന്നു.
Post Your Comments