കുറച്ചു ദിവസങ്ങള്‍ നീണ്ട ശാന്തതയ്ക്ക് ശേഷം റഷ്യന്‍ ജെറ്റുകള്‍ കിഴക്കന്‍ ആലപ്പോയില്‍ കനത്ത നാശംവിതച്ചു കൊണ്ട് വ്യോമാക്രമണം പുനരാരംഭിച്ചു. കിഴക്കന്‍ ആലപ്പോയിലെ വിമതകേന്ദ്രങ്ങളാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നതെന്ന് വിമതപോരാളികളുടെ ഒരു വക്താവും, ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സും റിപ്പോര്‍ട്ട് ചെയ്തു.
ബുസ്തന്‍ അല്‍-കസര്‍ മേഖലയേയാണ് വ്യോമാക്രമണം ഏറ്റവും സാരമായി ബാധിച്ചതെന്ന് ആലപ്പോയില്‍ തമ്പടിച്ചിരിക്കുന്ന വിമതസംഘമായ ഫസ്തഖിമിന്‍റെ വക്താവ് സക്കറിയ മല്‍ഹിഫ്ജി റോയ്ട്ടേഴ്സ് ചാനലിനോട് പറഞ്ഞു.
“റഷ്യന്‍ ജെറ്റുകള്‍ കനത്ത ബോംബ് വര്‍ഷമാണ് നടത്തുന്നത്,” മല്‍ഹിഫ്ജി പറഞ്ഞു.
ബുസ്തന്‍ അല്‍-കസര്‍, ഫര്‍ദൂസ് തുടങ്ങിയ പ്രദേശങ്ങളിലെ ബോംബാക്രമണത്തില്‍ 25 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഒബ്സര്‍വേറ്ററിയും റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവര്‍ അനവധിയാണെന്നും ഒബ്സര്‍വേറ്ററി അറിയിച്ചു.
50 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് ഈ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പറയുന്നത്. വടക്കന്‍ ആലപ്പോയിലെ ജണ്ടൂല്‍ ട്രാഫിക് സര്‍ക്കിളിന്‍റെ നിയന്ത്രണം ഇറാനിയന്‍ സായുധസംഘത്തിന്‍റെ സഹായത്തോടെ പടപൊരുതുന്ന തങ്ങള്‍ പിടിച്ചെടുത്തെന്ന് സിറിയന്‍ സൈന്യവും അറിയിച്ചു.
വിമതമേഖലകളില്‍ കുടുങ്ങിപ്പോയ സാധാരണക്കാര്‍ക്ക് കുടിയൊഴിഞ്ഞു പോകാനുള്ള ഇടവേള നല്‍കാനാണ് മോസ്കോയും ഡമാസ്കസും കഴിഞ്ഞയാഴ്ച വ്യോമാക്രമണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തി വച്ചത്.
ടര്‍ക്കിഷ് അതിര്‍ത്തിയോട് ചേര്‍ന്ന, ഇസ്ലാമിക് സ്റ്റേറ്റിന്‍റെ അധീനതയിലുള്ള ഗ്രാമമായ ദബിക്കില്‍ വിമതസംഘം അമേരിക്കന്‍ സഖ്യത്തിന്‍റെ സഹായത്തോടെ പ്രവേശിക്കാന്‍ തയാറായി നില്‍ക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ കൊടുംക്രൂരതകളുടെ ഒരു പ്രഭവകേന്ദ്രമാണ് ദബിക്.
Post Your Comments