ന്യൂഡല്‍ഹി : ജമ്മു കാഷ്മീരിലെ പാംപോറില്‍ ഇഡിഐ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തിയ ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. മൂന്നു ദിവസം മുമ്പാണ് ഭീകരര്‍ പാംപോറിലെ ഓണ്‍ട്രപ്രണര്‍ഷിപ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കടന്നത്. 50 മണിക്കൂറിലധികം നീണ്ടുനിന്ന സൈനിക നടപടിക്ക് ശേഷമാണ് ഭീകരരെ വധിച്ചത്.
സൈന്യവും പ്രത്യേക സേനയും സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്. ഇതേ കെട്ടിടത്തിനു നേര്‍ക്ക് ഫെബ്രുവരിയിലും ആക്രമണം നടന്നിരുന്നു. അന്ന് കെട്ടിടത്തില്‍ ഒളിച്ച മൂന്നു ഭീകരരെ 48 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനുശേഷമാണു സൈന്യം വധിച്ചത്. കെട്ടിടത്തിനുള്ളില്‍ കടന്ന ഭീകരരെ വധിക്കുന്നതിനായി കെട്ടിടം തകര്‍ക്കുന്നതിനെ കുറിച്ചുപോലും സുരക്ഷാ സേന ആലോചിച്ചിരുന്നു. ഝലം നദിയിലൂടെ ബോട്ടില്‍ എത്തിയാണ് ഭീകരര്‍ കെട്ടിടത്തില്‍ പ്രവേശിച്ചതെന്നാണ് സൂചന. ശ്രീനഗര്‍ സിറ്റി സെന്ററില്‍നിന്ന് 12 കിലോമീറ്റര്‍ മാത്രം അകലെയായുള്ള ഇഡിഐ കെട്ടിടത്തിന് ഏഴു നിലകളിലായി 70 മുറികളാണ് ഉള്ളത്.
Post Your Comments