Kerala

കൊച്ചിയില്‍ രണ്ട് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

കൊച്ചി● നെടുമ്പാശ്ശേരിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. മാര്‍ അത്തനേഷ്യസ് സ്കൂളിന്‍റെ അവകാശവുമായി ബന്ധപ്പെട്ട് നിലവിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുന്നത്.

സ്കൂളിന്റെ അവകാശത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും ഏറെക്കാലമായി നിയമപോരാട്ടത്തിലാണ്. ഇതിനിടെയാണ് സ്കൂളിന്റെ കനകജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. ഇതിനിടെ യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ സ്കൂളിന് മുന്നില്‍ അനശ്ചിതകാല നിരാഹാരം ആരംഭിച്ചിരിക്കുകയാണ്.

ഓര്‍ത്തഡോക്സ് സഭയുടെ കൈവശമിരിക്കുന്ന സ്കൂളിന്‍റെ ഉടമസ്ഥാവകാശം വില്‍പത്രപ്രകാരം തങ്ങള്‍ക്കാണെന്നാണ് യാക്കോബായസഭാ വിശ്വാസികളുടെ അവകാശവാദം. കനകജൂബിലി പരിപാടി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യാക്കോബായസഭ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.ചടങ്ങില്‍ പങ്കെടുക്കാന്‍ ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വീതീയന്‍ കാതോലിക്ക ബാവ എത്തിയതോടെ യാക്കോബായ സഭാവിശ്വാസികള്‍ പ്രതിഷേധം തുടങ്ങി. അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന സ്കൂളില്‍ മതപരമായ ചടങ്ങുകള്‍ നടത്തരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധക്കാര്‍ സ്കൂളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് വാക്ക് തര്‍ക്കത്തിനും ചെറിയ തോതില്‍ ഏറ്റുമുട്ടലിനും ഇടയാക്കി. റൂറല്‍ എസ്‍പിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം എത്തിയാണ് രംഗം ശാന്തമാക്കിയത്.

സംഘര്‍ഷം രൂക്ഷമായതോടെയാണ് കാതോലിക്ക ബാവ സ്കൂളിന് മുന്നില്‍ അനശ്ചിതകാല നിരാഹാരം ആരംഭിച്ചത്. വിഷയം പരിഹരിക്കുന്നത് വരെ നിരാഹാരം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button