KeralaNews

മുഖം നോക്കാതെ ജേക്കബ് തോമസ് ജയരാജനെതിരെ ത്വരിത പരിശോധനയ്ക്ക്:

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. ത്വരിതപരിശോധന വേണോ, മറ്റേതെങ്കിലും തരത്തിലുള്ള പ്രാഥമിക അന്വേഷണം വേണോയെന്ന കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണു സൂചന. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ വി.അഗസ്റ്റിനോടാണ് വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് ഉപദേശം തേടിയത്. ത്വരിതപരിശോധനയ്ക്കുള്ള സാധ്യത ഉള്‍പ്പെടെ ആരാഞ്ഞു.
മറുപടി മറ്റന്നാള്‍ നല്‍കുമെന്നാണു വിവരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാവ് വി.മുരളീധരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

മുന്‍ മന്ത്രി കെ.എം.മാണിയെ കുടുക്കിയ കേസിലെ സുപ്രീം കോടതി ഉത്തരവാണ് ഇപ്പോള്‍ ഇ.പി.ജയരാജനും ബാധകമായി വരുന്നത്. ഒരു പരാതി ലഭിച്ചാല്‍ പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ടാല്‍ കേസ് എടുക്കണമെന്നും അല്ലെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തി 42 ദിവസത്തിനകം തുടര്‍നടപടി വേണമെന്നുമാണു ആ കേസില്‍ സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. സംഭവം ഗൗരവമായി കാണുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും വിഎസും പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ ഏതു പരാതിയിലും അന്വേഷണം നടത്തുന്ന വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസിനും കാര്യങ്ങള്‍ എളുപ്പമാണ്.

കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിശ്ചയിച്ച തീരുമാനമായിരുന്നു ആദ്യം വിവാദം സൃഷ്ടിച്ചത്. ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യയെ കണ്ണൂര്‍ ക്ലേ ആന്‍ഡ് സെറാമിക്‌സില്‍ ജനറല്‍ മാനേജരായും മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ചെറുമകനെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കിന്റെ എംഡിയായും നിയമിച്ചതു വിവാദമായിരുന്നു. അവധി ദിനങ്ങളായതിനാല്‍ ഇതുവരെ ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണ ഉത്തരവിട്ടിട്ടില്ല.
വിവാദനിയമനത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ജയരാജനെ പ്രതിയാക്കി വിജിലന്‍സിന് കേസ് എടുക്കേണ്ടി വരും. നിയമന ഉത്തരവു റദ്ദാക്കി തടിയൂരാന്‍ സര്‍ക്കാരും വ്യവസായ വകുപ്പും നടപടിയെടുത്തെങ്കിലും നടത്തിയ ക്രമക്കേട് ഇല്ലാതാകുന്നില്ല. അതിനാല്‍ കേസ് നടപടിയുമായി അന്വേഷണ സംഘത്തിനു തുടര്‍ന്നും മുന്നോട്ടുപോകേണ്ടി വരും. ഇതിനു സര്‍ക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ അനുമതി ആവശ്യമില്ല.
ജയരാജന്‍ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം എന്നിവ നടത്തിയോ എന്നു കണ്ടെത്താന്‍ ലോകായുക്തയ്ക്കും അന്വേഷണം നടത്താന്‍ കഴിയും. പ്രാഥമികാന്വേഷണം വിജിലന്‍സ് നടത്തിയില്ലെങ്കില്‍ ആരെങ്കിലും കോടതിയെ സമീപിച്ച് അന്വേഷണ ഉത്തരവു നേടിയാല്‍ അതു സര്‍ക്കാരിനു കൂടുതല്‍ ക്ഷീണമാകും. അതിനാല്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button