തിരുവനന്തപുരം: സംസ്ഥാന ബി.ജെപി നേതൃത്വത്തെ കടുത്ത സന്മര്‍ദ്ദത്തിലാക്കിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ബി.ജെ.പി ജനപ്രതിനിധികളുടെ അകാലവിയോഗം. അപകട മരണങ്ങളും ആത്മഹത്യമായിരുന്നു ഇതില്‍ പലതും. എന്നാല്‍ ഈ മരണങ്ങള്‍ക്ക് പിന്നിലുള്ള കാരണം വ്യക്തമാക്കാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. . പ്രാദേശിക തലത്തില്‍ ബിജെപിയുടെ ജനകീയ മുഖങ്ങളായിരുന്നു മരിച്ചവരില്‍ ഏറെയും.
അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ഇതിനിടെ ഒരു മരണ വാര്‍ത്ത കൂടി ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ തേടി എത്തി. പെരുമ്പാവൂര്‍ കൂവപ്പടി പഞ്ചായത്തിലെ ബി.ജെ.പി അംഗം നെടുമ്പുറത്ത് മാധവന്‍നായരുടെ മകന്‍ അഭിലാഷിന്റെ മരണ വാര്‍ത്തയായിരുന്നു അത് . പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നതിലുപരി ജനകീയ നേതാവ് കൂടിയായിരുന്ന അഭിലാഷിന്റെ ആത്മഹത്യ എന്തിന് വേണ്ടിയായിരുന്നുവെന്ന് ഇപ്പോഴും വ്യക്തതയില്ല.
കൊല്ലത്തെ കൗണ്‍സിലര്‍ കോകിലയുടെ മരണത്തോടെയാണ് ബിജെപിയില്‍ ദുരൂഹമരണത്തിന്റെ ചിന്ത സജീവമായത്. പാര്‍ട്ടിക്ക് അപ്രാപ്യമായ പലമേഖലകളിലും ബിജെപി കൗണ്‍സിലര്‍മാര്‍ ജയിച്ചു കയറി. അവരില്‍ ചിലര്‍ അസ്വാഭവാകമായി മരിച്ചു. പന്തളത്തെ ഉദയചന്ദ്രന്റെ വാഹനാപകടം, തിരുവനന്തപുരത്തെ ചന്ദ്രന്റെ ഷോക്കേല്‍ക്കല്‍, പാലക്കാട്ടെ പ്രിയശിവഗിരിയുടെ തൂങ്ങിമരണം…. കോകിലയുടെ വാഹനാപകടത്തിലെ മരണം. ഈ മരണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ സാധ്യത കാണ്ടത് ബിജെപി കേന്ദ്ര നേതൃത്വമാണ്. അതുകൊണ്ട് കൂടിയാണ് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരയുണ്ടായ അക്രമത്തെ കുറിച്ച്
അറിയാനെത്തിയ എംപിമാരുടെ സംഘം കൗണ്‍സിലര്‍മാരുടെ മരണം ദുരൂഹമാണോ എന്ന സംശയം ഉയര്‍ത്തിയത്. ഇത് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനായിരുന്നു നിര്‍ദ്ദേശം. പെരുമ്പാവൂരിലെ വാര്‍ഡ് മെമ്പറുടെ മരണത്തോടെ ഇത് തെറ്റുകയാണ്.
കൊട്ടാരക്കരയ്ക്ക് അടുത്ത് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ബിജെപി കൗണ്‍സിലറും റഷ്യക്കാരിയായ വനിതയും മരിച്ചതും ദുരൂഹസാഹചര്യത്തിലായിരുന്നു. പന്തളം നഗരസഭയിലെ കൂരമ്പാല ടൗണ്‍വാര്‍ഡ് കൗണ്‍സിലറുമായ കൂരമ്പാല കിഴക്കേ പനയ്ക്കല്‍ വീട്ടില്‍ ഉദയചന്ദ്രന്‍ (37), റഷ്യന്‍ വനിത വോല വലോഷിനാ (46) എന്നിവരാണ് മരിച്ചത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് രാവിലെ ഏഴരയോടെ എംസി റോഡില്‍ പുത്തൂര്‍മുക്കിനു സമീപം സിഎസ്‌ഐ ആശുപത്രി ജംഗ്ഷനിലായിരുന്നു അപകടം. ടാര്‍ ടാങ്കറും സ്‌കോര്‍പിയോ കാറുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പന്തളത്തേക്ക് വിദേശവനിതകളുമായി പോകുകയായിരുന്ന കാര്‍ ഉദയചന്ദ്രനാണ് ഓടിച്ചിരുന്നത്. എതിരെ ടാറുമായെത്തിയ ടാങ്കര്‍, കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കോര്‍പിയോ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഉദയചന്ദ്രനും മാലിക് ദിനായും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ അപകടം നടന്നയുടന്‍ ഓടിരക്ഷപെട്ടു.
പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് മെയ് മാസത്തിലാണ്. 48ാം വാര്‍ഡ് കൗണ്‍സിലറും മഹിളാ ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രിയശിവഗിരി (35)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വടക്കന്തറ ദേവീ ക്ഷേത്ര ദര്‍ശനം നടത്തി അന്നദാനവും കഴിഞ്ഞ് വീട്ടിലെത്തിയ പ്രിയ ശിവഗിരിയെ വീടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍കുരുക്കി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിജെപി പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനോടൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. വിഷാദ രോഗമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. എന്നാല്‍ പ്രിയ ശിവഗിരിയുടെ മരണത്തില്‍ ബിജെപിക്കാര്‍ക്ക് ഈ വാദം ഉള്‍ക്കൊള്ളാനാകുന്നില്ല.
ഇതിന് പിന്നാലെയാണ് കൊല്ലത്തെ കോകിലയുടെ മരണം. തീര്‍ത്തും ദുരൂഹ സാഹചര്യത്തിലാണ് അപകട മരണം. പ്രതികളെ കണ്ടെത്തുന്നതില്‍ പൊലീസ് വലിയ വീഴ്ച വരുത്തി. ഈ സാഹചര്യത്തെ ബിജെപിക്ക് സംശയത്തോടെ മാത്രമേ കാണാനാകുന്നുള്ളൂ. കൊല്ലം കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ കോകിലയും പിതാവും അപകടത്തില്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിയിട്ടുണ്ട്. സെപ്റ്റംബര്‍ 13 ന് രാത്രി പത്തുമണിക്കായിരുന്നു കോകിലയും പിതാവും സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചുതെറുപ്പിച്ച സംഭവമുണ്ടായത്. കൊല്ലം കാവനാട് ദേശീയപാതയിലൂടെ പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോള്‍ സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ആല്‍ത്തറമൂടിന് സമീപത്ത് വച്ച് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. കോകില സംഭവ സ്ഥലത്തുവച്ചും പിതാവ് പിന്നീട് ആശുപത്രിയില്‍ വച്ചും മരണമടയുകയായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ പോലും പൊലീസ് യഥാസമയം കണ്ടെത്തിയില്ല. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്ന രണ്ടു കൗണ്‍സിലര്‍മാരില്‍ ഒരാള്‍ കോകിലയായിരുന്നു.
ഇതിനൊപ്പം തിരുവനന്തപുരത്തെ കൗണ്‍സിലറായിരുന്ന ചന്ദ്രനും അപകടത്തില്‍ മരിച്ചിരുന്നു. ഏപ്രിലിലായിരുന്നു ചന്ദ്രന്റെ മരണം. വീട്ടില്‍ തുണി തേയ്ക്കുന്നതിനിടെ അയണ്‍ബോക്‌സില്‍ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഷോക്കേറ്റ് നിലത്ത് വീണ ചന്ദ്രനെ നാട്ടുകാര്‍ കിള്ളിപ്പാലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യമൊന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം ഈ മരണങ്ങളെല്ലാം സ്വഭാവിക മരണങ്ങളായിട്ടാണ് കരുതിയതെങ്കിലും പിന്നീട് ഇതിനെ ഗൗരവമായി കണക്കിലെടുക്കുകയായിരുന്നു.
കടപ്പാട്: മറുനാടന്‍ മലയാളി
Post Your Comments