IndiaNews

യു.എന്നില്‍ വീണ്ടും ഇന്ത്യ-പാക് വാക് പോര്

ജനീവ: പാകിസ്താന് എതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ കശ്മീരിനെ പശ്ചാത്തലമാക്കി ഉയര്‍ത്തുന്ന പ്രസ്താവനകള്‍ ഇന്ത്യ ശക്തമായ ഭാഷയില്‍ തള്ളി. മേഖല സ്വന്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പാക് പ്രസ്താവനകളെന്നും ഐക്യരാഷ്ട്രസഭയെ കശ്മീരിനെ വലിയ വിഷയമാക്കി തെറ്റിദ്ധരിപ്പിക്കുകയാണ് പാകിസ്താനെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യ അധികാര പരിധിയില്ലാത്ത ജമ്മു-കശ്മീരിനെ പരാമര്‍ശിച്ചുള്ള പാക് പ്രസ്താവകള്‍ക്കുള്ള മറുപടിയായാണ് പ്രതികരിച്ചത്.

ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മു-കശ്മീരെന്നും പാക് പ്രസ്താവനകള്‍ ഐക്യരാഷ്ട്രസഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇന്ത്യ പറഞ്ഞു. എന്നാല്‍ ഇന്ത്യ വര്‍ഷങ്ങള്‍ കഴിയുന്തോറും കശ്മീര്‍ വിഷയത്തില്‍ വ്യാജ പ്രചരണങ്ങളാണ് നടത്തുന്നതെന്ന് പാകിസ്താന്‍ കുറ്റപ്പെടുത്തി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയപ്രകാരം കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ പാലിക്കാത്തത് ഐക്യരാഷ്ട്ര സഭയുടെ പരാജയമാണെന്ന് പാകിസ്താന്‍ വിമര്‍ശിച്ചു.

ഐക്യരാഷ്ട്ര സഭയുടെ ഡി കോളനൈസേഷന്‍ അജണ്ട കശ്മീര്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്താത്തിടത്തോളം കാലം പൂര്‍ണമാകില്ലെന്ന് പാക് പ്രതിനിധിയായ മലീഹ ലോധി അറിയിച്ചു. മലീഹ ലോധി പൊതു സമ്മേളനത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു. കശ്മീരി ജനത പാലിക്കപ്പെടാത്ത വാക്കുകളും അടിച്ചമര്‍ത്തലുകളും മാത്രമാണ് അനുഭവിച്ചിട്ടുള്ളതെന്നും ലോധി കൂട്ടിചേര്‍ത്തു.

ഒരിക്കലും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമല്ലെന്നും, ഇനി ആവുകയുമില്ലെന്നും ലോധി പറഞ്ഞു. കശ്മീര്‍ എന്നും തര്‍ക്ക ഭൂമിയാണ്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്വീകരിക്കുന്ന പ്രമേയങ്ങളാണ് കശ്മിരിന്റെ പദവി നിര്‍ണയിക്കുകയെന്നും ലോധി സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button