NewsIndia

എം.പിമാരുടെ സേവനത്തില്‍ അതൃപ്തി : എം.പിമാരെ ലക്ഷാധിപതിയാക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി തടഞ്ഞു

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നു. എന്നാല്‍ എംപി.മാരുടെ ശമ്പളം ഉടനെ വര്‍ധിപ്പിക്കേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ശമ്പളം ഇരട്ടിയാക്കാന്‍ ബിജെപി അംഗം യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അത് ഉടനെ നടപ്പാക്കില്ല.

രാഷ്ട്രപതിയുടെ പ്രതിമാസശമ്പളം അഞ്ചുലക്ഷം രൂപയും ഗവര്‍ണര്‍മാരുടേത് രണ്ടരലക്ഷം രൂപയും ആക്കാനാണ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച ബില്‍ മന്ത്രിസഭ ഉടനെ പരിഗണിക്കും.
നിലവില്‍ പ്രസിഡന്റിന്റെ മാസശമ്പളം ഒന്നരലക്ഷം രൂപയാണ്. ഗവര്‍ണറുടേത് 1.10 ലക്ഷം രൂപയും. ഉപരാഷ്ട്രപതിക്ക് എംപി.മാരുടെ അതേശമ്പളമാണ് നിലവിലുള്ളത്. എന്നാല്‍ മറ്റാനുകൂല്യങ്ങള്‍ എംപി.മാരുടേതിനേക്കാള്‍ കൂടുതലാണ്. രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പള വര്‍ധനയ്‌ക്കൊപ്പം ഉപരാഷ്ട്രപതിയുടെ ആനുകൂല്യങ്ങളും ഉയര്‍ത്തും.

ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കിയപ്പോള്‍ കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം രണ്ടരലക്ഷമായി ഉയര്‍ന്നു. ആ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളം കൂട്ടുന്നത്.
എംപി.മാരുടെ ശമ്പളം കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളത്തിന് തുല്യമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും അത് ഉടനെ പരിഗണിക്കാനിടയില്ല. ഒരു എംപി.ക്ക് മാസശമ്പളവും മണ്ഡല അലവന്‍സുമുള്‍പ്പെടെ 1.10 ലക്ഷം രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പാര്‍ലമെന്റും കമ്മിറ്റികളും ചേരുന്ന ദിവസങ്ങളില്‍ സിറ്റിങ് അലവന്‍സ് 2000 രൂപ വേറെ ലഭിക്കും. എംപി.യുടെ സെക്രട്ടറിക്ക് പ്രത്യേക അലവന്‍സുണ്ട്. എംപി.മാരുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരു ലക്ഷവും യാത്രാ അലവന്‍സ് 45,000 ത്തില്‍നിന്ന് 90,000 രൂപയും ആക്കണമെന്നാണ് യോഗി ആദിത്യനാഥ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇതാണ് മോദി തല്‍കാലം പരിഗണിക്കാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button