KeralaNews

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: സാമുദായിക വിദ്വേഷം പരത്തിയതിന് കേസെടുത്ത കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ നിര്‍മ്മാണത്തിലും വന്‍ ക്രമക്കേട്. പറവൂരില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന ഭൂമി വഖഫ് ബോര്‍ഡിനേയും ജമാ അത്തിനെയും തെറ്റിദ്ധരിപ്പിച്ചാണ് വാങ്ങിയത്. സ്‌കൂള്‍ നടത്തിപ്പിലും വന്‍ അഴിമതിയെന്ന് ആരോപണമുണ്ട്.

കൊച്ചി പറവൂരിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് കാട്ടുനെല്ലൂര്‍ മുസ്ലീം ജമാ അത്തിനു കീഴിലെ വഖഫ് ഭൂമിയിലാണ്. ജമാ അത്ത് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് രഹസ്യമായാണ് സമുദായാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് പീസ് ഇന്റര്‍നാഷണല്‍ ട്രസ്റ്റിന് ഭൂമി നല്‍കിയത്. മൂന്നു വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിനു നല്‍കിയതായി അറിയിച്ചതെങ്കിലും പത്തു വര്‍ഷത്തേക്കാണ് കരാറൊപ്പിട്ടിരിക്കുന്നത്.

എല്‍.കെ.ജി, യു.കെ.ജി ക്ലാസ്സുകള്‍ക്കായി ചെറിയൊരു കെട്ടിടം നിര്‍മ്മിക്കുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ ഭൂമി ലഭിച്ച ശേഷം കരാറിലെ വ്യവസ്ഥകളെല്ലാം പീസ് ഇന്റര്‍നാഷണല്‍ ലംഘിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. സ്‌കൂളിന്റെ നിര്‍മ്മാണത്തിനെതിരേ കമ്മറ്റിയിലെ ഒരു വിഭാഗം നിയമനടപടി ആരംഭിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ നിന്ന് സ്റ്റോപ്പ് മെമ്മോ ലഭിച്ചുവെങ്കിലും ഉന്നത സ്വാധീനമുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

പീസ് സ്‌കൂളിനു വേണ്ടി അനധികൃതമായി പ്രവര്‍ത്തിച്ച ജമാ അത്ത് പ്രസിഡന്റ് ടി.എച്ച് അബ്ദുള്‍ കരീം സ്ഥലത്തെ പ്രധാന മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ്. സെക്രട്ടറിയായിരുന്ന എന്‍.എച്ച് നൗഷാദ് കെ.എസ്.ഇ.ബി ജീവനക്കാരനുമാണ്. ഇവര്‍ക്കെതിരേ നിയമനടപടിയുമായി മുന്‍പോട്ടു പോവുകയാണ് ഒരു വിഭാഗം കമ്മറ്റി അംഗങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button