KeralaNews

ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു: തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാകുടിപ്പക. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഒരു യുവാവിന്റെ ജീവന്‍ കൂടി പൊലിഞ്ഞു. കണ്ണമ്മൂലയില്‍ വിഷ്ണുവിനെ വെട്ടികൊലപ്പെടുത്തുന്നതിനിടെ രണ്ടു സ്ത്രീകള്‍ക്കു കൂടി വെട്ടേറ്റു. ഇതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ ബി.ജെ.പി ഉച്ചയ്ക്ക് 12 മണിമുതല്‍ ഹര്‍ത്താല്‍ ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

കുപ്രസിദ്ധ ഗുണ്ടകളായ പുത്തന്‍പാലം രാജേഷിന്റെയും ഡിനിബാബുവിന്റെയും കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡിനിബാബുവിന്റെ സഹോദരന്‍ സുനില്‍ബാബുവിനെ പുത്തന്‍പാലം രാജേഷിന്റെ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരം തീര്‍ക്കാന്‍ ഡിനിബാബുവും സംഘവും നാളുകളായി പദ്ധതി തയ്യാറാക്കിയിരുന്നു.

രാജേഷിന്റെ സംഘത്തിലുള്ള  ഒരാളുടെ വീട്ടില്‍ മാസങ്ങള്‍ക്കു മുമ്പ് ക്വട്ടേഷന്‍ സംഘം ആക്രമണം നടത്തിയിരുന്നു. ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പുത്തന്‍പാലം രാജേഷ് നഗരത്തിലെത്തിയ വിവരത്തെ തുടര്‍ന്ന് എതിര്‍ ചേരിയില്‍പ്പെട്ടവര്‍ രാജേഷിനെ വകവരുത്താന്‍ പദ്ധതി തയ്യാറാക്കി. പക്ഷെ രാജേഷ് രക്ഷപ്പെട്ടു. ഇതിനുശേഷമാണ് ക്വട്ടേഷന്‍ സംഘം കണ്ണമ്മൂലയിലുള്ള വിഷ്ണുവിന്റെ വീട്ടിലെത്തുന്നത്.

ഡിനിബാബുവിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിന്റെ ബന്ധുവാണ് വിഷ്ണു. വീട്ടില്‍ കയറി സംഘം വിഷുവിനെ വലിച്ചിറക്കി വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓടുന്നതിനിടെ വിഷ്ണുവിനെ ആറംഗസംഘം
വീണ്ടും റോഡിലിട്ട് വെട്ടി. ഇതു തടയാന്‍ ശ്രമിച്ച വിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുവായ ഒരു സ്ത്രീക്കും വെട്ടേറ്റു. പൊലീസെത്തി വിഷ്ണുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്. ശംഖുമുഖം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button