അധര്‍മ്മത്തിന്റെ ഇരുട്ടിനെ മാറ്റി ധര്‍മ്മത്തിന്റെ വെളിച്ചം പരത്തുന്ന സന്ദേശം ഉയര്‍ത്തുന്ന ഉത്സവമാണ് ദീപാവലി. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എല്ലാവരുടെയും ശ്രദ്ധക്ഷണിച്ച് ദീപാവലി സന്ദേശം നൽകി.
ദീപാവലി ആഘോഷവേളയില്‍ ചില സംഗതികളില്‍ നാം ചില സവിശേഷത നൽകണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ആഘോഷ വേളയില്‍ വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് നാം വാങ്ങിക്കൂട്ടാറുള്ളത്. ഉത്സവത്തിന്റെ ഒരുവശം ഇത്തരം സാധനങ്ങള്‍ ശേഖരിക്കുന്നതിലെ ഉത്സാഹമാണ്. ഇത്തവണ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രമേ വാങ്ങാവൂ എന്നാണ് പ്രധാനമന്ത്രി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എക്കാലത്തും, ഭാരതത്തെ തകര്‍ക്കണമെന്ന ഒറ്റലക്ഷ്യവുമായി പ്രവർത്തിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്.
അങ്ങനെയുള്ള ഒരു രാജ്യത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്ന നടപടിയാണ് ചൈന കൈക്കൊണ്ടിരിക്കുന്നത്. അങ്ങനെ പിന്തുണ നല്കുന്ന രാജ്യത്തിന് അഹിംസയിലൂടെ മറുപടി നല്കാന് നമുക്ക് സാധിക്കണം. അതിന് ഏറ്റവും ഉചിതമായ സമയമാണ് ദീപാവലി ആഘോഷ വേള. ഉത്സവകാലത്തുള്പ്പെടെ കോടിക്കണക്കിന് രൂപയുടെ ചൈനീസ് ഉല്‍പ്പന്നങ്ങളാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നത്. അവയ്ക്കു വില കുറവാണ് എന്നതിനാല്‍ ബഹുഭൂരിപക്ഷവും ഇവ വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. കുറഞ്ഞ മുതല്‍മുടക്കില്‍ വലിയ തോതില്‍ ഉല്‍പ്പാദനം നടത്തുവാന്‍ കഴിയുന്നതിനാല്‍ വന്‍ സാമ്പത്തിക നേട്ടമാണ് ചൈനക്കുണ്ടാവുന്നത്.
എന്നാൽ നേരത്തെ തന്നെ അവരുടെ കളിപ്പാട്ടങ്ങള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളില്‍ മാരകമായ വിഷാംശങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചൈന ലക്ഷ്യമിടുന്നത് വിപണിവഴിയുള്ള സാമ്പത്തിക അധിനിവേശമാണ്. ഇന്ത്യ -പാക്ക് വൈരം മുതലെടുത്ത് തങ്ങളുടെ സ്ഥലവിസ്തൃതി കൂട്ടാമെന്നും അവര്‍ കണക്കുകൂട്ടുന്നു. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ യുഎന്‍ പ്രമേയത്തിനുള്ള ഭാരത നീക്കത്തെ സമര്‍ത്ഥമായി ചൈന തടയുകയുണ്ടായി. ഉറിയിലെ ഭീകരാക്രമണത്തിന് ഇന്ത്യ കൊടുത്ത മറുപടിയിലുള്ള എതിര്‍പ്പായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്.
പാക്കിസ്ഥാന് സിന്ധുനദീജലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച കരാര്‍ ഇന്ത്യ പുനപ്പരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടെടുത്തതിന് തിരിച്ചടിയെന്നോണം ചൈന ബ്രഹ്മപുത്രയുടെ പോഷക നദി തടഞ്ഞു വൈദ്യുത പദ്ധതി ആരംഭിക്കാനൊരുങ്ങുകയുമാണ്.
ഇങ്ങനെ പാക്കിസ്ഥാനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന ചുവന്ന വ്യാളിയെ നിലയ്ക്കുനിര്‍ത്താന്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. അതിന്റെ ആദ്യപടിയെന്ന നിലയില്‍ സ്വയംപര്യാപ്തമായ സ്വദേശി ചിന്താഗതി വളര്‍ത്തുകയാണ് വേണ്ടത്. അതിലേക്കുള്ള കാല്‍വെപ്പെന്ന തരത്തില്‍ വേണം ചൈന ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുന്നതിനെ കാണാന്‍. ഇതുവഴി ചൈനയ്ക്ക് കനത്ത സാമ്പത്തികക്ഷതം ഏല്‍ക്കുമെന്ന് മാത്രമല്ല, സ്വരാജ്യസ്നേഹവും ആത്മാഭിമാനവും വര്‍ദ്ധിക്കുകയും ചെയ്യും. ബിജെപി എംപിമാര്‍ക്കയച്ച കത്തിലാണ് ഇത്തരമൊരു ആവശ്യം നരേന്ദ്രമോദി ഉന്നയിച്ചതെങ്കിലും മൊത്തം ഭാരതീയരെയാണ് അദ്ദേഹം അഭിസംബോധന ചെയ്തിരിക്കുന്നത്.
ഭാരതീയനാവുന്നതില് അഭിമാനിക്കണമെങ്കില്‍ ഭാരതത്തിന്റെ ചൂടം ചൂരും നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കി ഉപയോഗിക്കുകയും വേണമെന്ന സന്ദേശമാണ് ഇതിലൂടെ പരക്കുന്നത്. ഇന്ത്യയുടെ കരുത്ത് എന്തെന്ന് കാണിച്ചുകൊടുക്കാന്‍ ദീപാവലി പോലെ മറ്റേത് ഉത്സവമുണ്ട് നമുക്ക് മുമ്പില്‍? ആ ആര്ജവത്തിനുമുമ്പില് നമ്രശിരസ്കരാവുകഎന്നും അദ്ദേഹം പറയുന്നു.
Post Your Comments