ഡൽഹി: മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ തമിഴ്‌നാട്ടില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന്‍ സ്വാമി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കത്തയച്ചു.
മുഖ്യമന്ത്രി ചികില്‍സയിലായതോടെ, ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പകരം ചുമതല ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. ഇതോടെ ക്രമസമാധാനം അടക്കം സംസ്ഥാനഭരണം താളം തെറ്റിയിരിക്കുകയാണ്. ഇപ്പോള്‍ ഭരണത്തെ നിയന്ത്രിക്കുന്നത് ഒരു റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറിയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി കത്തില്‍ പറയുന്നു.
മുഖ്യമന്ത്രി ചികില്‍സയിലായതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി. ഈ സാഹചര്യം മുതലെടുത്ത് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളായ രാമനാഥപുരം, തിരുനെല്‍വേലി, മധുര, കന്യാകുമാരി എന്നിവിടങ്ങളില്‍ ഭീകരസംഘടനയായ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ വീണ്ടും സജീവമായി.കൂടാതെ നക്‌സലുകളും എല്‍ടിടിഇ പോലുള്ള സംഘങ്ങളും ശക്തി പ്രാപിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ ആറുമാസത്തേക്ക് സംസ്ഥാന നിയമസഭ സസ്‌പെന്‍ഡ് ചെയ്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ ഭീകരസംഘടനകള്‍ ശക്തിപ്രാപിക്കുന്നത് കണക്കിലെടുത്ത് ചെന്നൈയിലും തെക്കന്‍ ജില്ലകളിലും പ്രത്യേക സൈനിക നിയമമായ അഫ്‌സ്പാ പ്രയോഗിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.
Post Your Comments