ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ 2018 ഡിസംബറോടെ ഇന്ത്യ-പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് രാജ്‌നാഥ് സിംഗ് പറയുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ദിവസം കഴിയുതോറും വഷളായിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ അയല്‍രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തിലും ഗുരുതരമായ വിള്ളല്‍ വീണു. ഈ സാഹചര്യത്തില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാജ്‌നാഥ് പറയുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന യോഗത്തിലാണ് രാജ്‌നാഥിന്റെ പ്രസ്താവന. നമ്മുടെ സൈന്യത്തില്‍ വിശ്വാസമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിര്‍ത്തിയിലെ സുരക്ഷയ്ക്കായി ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് എന്ന പേരില്‍ പുതിയ സുരക്ഷാസംഘത്തെ വിന്യസിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. അതിര്‍ത്തിയിലെ സംസ്ഥാനങ്ങളില്‍ നിന്നും ഈ പ്രത്യേക സംഘത്തിലേക്ക് സുരക്ഷാസൈനികരെ ചേര്‍ക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കി. ഇന്ത്യ പാക് ബന്ധത്തില്‍ വിള്ളല്‍ വീണതോടെ പാകിസ്ഥാനുമായുള്ള 2,300 കിലോമീറ്റര്‍ അതിര്‍ത്തി അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് ചര്‍ച്ചചെയ്യാനാണ് പ്രധാനമായും യോഗം ചേര്‍ന്നത്.
Post Your Comments