ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പ്രകോപനം തുടര്‍ന്നുകൊണ്ടിരിയ്‌ക്കെ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും മാത്രം ഒഴിപ്പിച്ചത് എട്ടു ലക്ഷത്തോളം ഗ്രാമീണരെയെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ ജില്ലകളില്‍നിന്ന് വന്‍തോതില്‍ പഞ്ചാബ് സര്‍ക്കാര്‍ ആളുകളെ മാറ്റി.
അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന 10 കിലോമീറ്റര്‍ ഭാഗത്തെ ആറു ജില്ലകളില്‍ 1000ഓളം ഗ്രാമങ്ങളിലാണ് ഒഴിപ്പിക്കല്‍ നടന്നത്. 780 താല്‍ക്കാലിക താമസകേന്ദ്രങ്ങളും തുറന്നു.
അതേ സമയം സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസും, ആം ആദ്മിയും രംഗത്തെത്തി. അടുത്ത വര്‍ഷത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കാണുന്ന രാഷ്ട്രീയ നീക്കം ഇതിനു പിന്നിലുണ്ടെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ആരോപണം.
പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെ പേരില്‍ ജമ്മുകശ്മീരിലല്ലാതെ പഞ്ചാബിലോ ഗുജറാത്തിലോ പ്രശ്‌നമുണ്ടായിട്ടില്ല. ബഹുതല വേലികെട്ടല്‍ കഴിഞ്ഞ ശേഷം അതിര്‍ത്തി കടന്നുള്ള വെടിവെപ്പും ഒന്നര പതിറ്റാണ്ടിനിടയില്‍ നടന്നിട്ടില്ല. വെടിനിര്‍ത്തല്‍ ധാരണയും ഇവിടെ പ്രാബല്യത്തിലില്ല. ഫലത്തില്‍ ശാന്തമായ അതിര്‍ത്തിയാണിതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഒഴിപ്പിയ്ക്കല്‍ നടന്നതെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു
Post Your Comments