ഹേഗ്: മാര്‍ഷല്‍ ദ്വീപുകള്‍ നല്‍കിയ കേസ് ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ.സി.ജെ.) തള്ളി. അണ്വായുധ മത്സരം നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇന്ത്യ, പാകിസ്ഥാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് മാര്‍ഷല്‍ ദ്വീപുകള്‍ കേസ് കൊടുത്തത്. മൂന്ന് രാജ്യങ്ങളുമായി ദ്വീപ് തര്‍ക്കങ്ങളുണ്ടായതായി തെളിവില്ലെന്നും രാജ്യം പരസ്പര ചര്‍ച്ചകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടിതിവിധി. കോടതിയുടെ പരിധിയില്‍ വരുന്നതല്ല കേസെന്ന ഇന്ത്യയുടെ വാദം കണക്കിലെടുത്തു.
ഇന്ത്യയുടെ വാദത്തെ അനുകൂലിച്ച് 16 അംഗ സമിതിയില്‍ ഒമ്പത് ജഡ്ജിമാര്‍ വോട്ട് ചെയ്തു. ഏഴുപേര്‍ എതിര്‍ത്തു. അനുകൂലിച്ചവര്‍ക്കാണ് ഭൂരിപക്ഷമെന്നതിനാല്‍ കേസുമായി മുന്നോട്ടുപോകാനാവില്ലെന്ന് സമിതി അധ്യക്ഷന്‍ റോണി എബ്രഹാം വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ട്രൈബ്യൂണല്‍ രൂപവത്കരിച്ചിരുന്നു. പക്ഷെ ട്രൈബ്യൂണല്‍ ആണവ വിഷയങ്ങളില്‍ മുന്‍കാലങ്ങളില്‍ തീര്‍പ്പുകല്പിച്ച് കീഴ്വഴക്കമില്ലാത്തതു ഇന്ത്യയുടെ വാദത്തിന് കരുത്തുപകര്‍ന്നു.
2014-ലാണ് മാര്‍ഷല്‍ ഐലന്‍ഡ്‌സ് ഒമ്പത് രാജ്യങ്ങള്‍ക്കെതിരായ പരാതിയുമായി യു.എന്‍. കോടതിയെ സമീപിച്ചത്. 1968-ലെ ആണവ നിര്‍വ്യാപനക്കരാറുമായി സഹകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെയായിരുന്നു പരാതി. ഐ.സി.ജെ.യുടെ നീതിന്യായ പരിധി അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ചൈന, ഫ്രാന്‍സ്, ഇസ്രായേല്‍, ഉത്തരകൊറിയ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങക്കെതിരായ കേസ് നിലനിന്നില്ല. ആണവായുധങ്ങള്‍ ഉണ്ടെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുമില്ല. അതിനാലാണ് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ക്കെതിരായ പരാതി മാത്രം നിലനിന്നത്. മാര്‍ഷല്‍ ദ്വീപ് അഭിഭാഷകന്‍ വാന്‍ ഡര്‍ ബൈസന്‍ വിധി നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞു.
മാര്‍ഷല്‍ ദ്വീപ് ശാന്തസമുദ്രത്തിലെ ആണവ പരീക്ഷണങ്ങളുടെ ദുരിതങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ‘ഗ്രൗണ്ട് സീറോ’ പ്രദേശമായാണ് അറിയപ്പെടുന്നത്. 1946 മുതല്‍ 1958 വരെ അമേരിക്ക 67 ആണവ പരീക്ഷണങ്ങളാണ് ഇവിടെ നടത്തിയത്. ഇതിനെ തുടർന്ന് നിരവധി ദ്വീപുകള്‍ നശിച്ചിട്ടുണ്ട്. മറ്റുള്ളവ മനുഷ്യവാസത്തിന് യോഗ്യമല്ലാതായിത്തീരുകയും ചെയ്തു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവമലിനീകരണമുള്ള മേഖലകളിലൊന്നാണ് മാര്‍ഷല്‍ ദ്വീപ്.
Post Your Comments