KeralaNews

സംസ്ഥാനത്തെ ഐഎസ് സാന്നിദ്ധ്യത്തെ തുടച്ചുനീക്കാന്‍ എന്‍.ഐ.എ; നിരവധിപേര്‍ കര്‍ശന നിരീക്ഷണത്തില്‍

കോഴിക്കോട്: കണ്ണൂര്‍ കനകമലയില്‍നിന്ന് എന്‍.ഐ.എ. അറസ്റ്റ് ചെയ്ത ഐ.എസ്. തീവ്രവാദികളുടെ സുഹൃത്തുക്കളെ ചോദ്യംചെയ്യാന്‍ എന്‍.ഐ.എ അന്വേഷണസംഘം ഒരുങ്ങുന്നു. ഇവരെ ചോദ്യംചെയ്യുന്നതിലൂടെ കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണവിഭാഗങ്ങളുടെ കര്‍ശന നിരീക്ഷണത്തിലാണ് ഇവര്‍.

ഐ.എസിനോട് മമത പുലര്‍ത്തുന്ന സമീപനം സ്വീകരിച്ചിരിക്കുന്ന ചില തീവ്ര ഇസ്ലാമിക സംഘടനാനേതാക്കളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മഞ്ചേരി കേന്ദ്രീകരിച്ചു മതപരിവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനവും രഹസ്യാന്വേഷണവിഭാഗങ്ങളുടെ നിരീക്ഷണത്തിലാണ്.

ഇപ്പോള്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള ആറുപേരെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെത്തിച്ചു തെളിവെടുക്കുകയും തിരിച്ചറിയല്‍ പരേഡ് നടത്തുകയും ചെയ്യും. തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ പ്രതികളുടെ ചിത്രം പുറത്തുവരാതിരിക്കാന്‍ അന്വേഷണസംഘം ജാഗ്രത പുലര്‍ത്തുന്നു. ഐ.എസിന്റെ കേരളഘടകമായ അന്‍സാറുല്‍ ഖിലാഫയുടെ ചില പ്രവര്‍ത്തകര്‍ വിദേശത്തേക്കു കടന്നതായും സൂചനയുണ്ട്.

വിദേശത്തേക്ക് കടന്നവരെപ്പറ്റി അന്വേഷണസംഘത്തിനു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഐ.എസിന്റെ കേരളത്തിലെ ഓപ്പറേഷന്‍സ് മേധാവി കണ്ണൂര്‍ ചൊക്ലി അണിയാരത്ത് മദീനമഹലില്‍ മന്‍സീദ് (30) പിടിയിലായി. പക്ഷേ, ഇയാള്‍ പിടിയിലായിട്ടും സാമൂഹികമാധ്യമങ്ങളില്‍ സംഘടനയുടെ ആശയപ്രചാരണം സജീവമായി നടക്കുന്നത് അന്വേഷണസംഘത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനു ചുക്കാന്‍ പിടിക്കുന്നവരെക്കുറിച്ചും അന്വേഷണസംഘത്തിനു വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞു.

‘മുഹാജിറുന്‍ 2016’ എന്നത് ഐ.എസിന്റെ മലയാളം ബ്ലോഗാണെന്ന് എന്‍.ഐ.എ. സ്ഥിരീകരിച്ചു. കനകമലയില്‍നിന്ന് ഐ.എസ്. അനുഭാവികളെ പിടികൂടുന്നതിനു തലേന്നും ഈ ബ്ലോഗില്‍ ജിഹാദ് ആഹ്വാനമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button