NewsInternational

ബിലാവല്‍ ഭൂട്ടോയ്ക്ക് മാനസാന്തരം: പാക് നേതാക്കള്‍ക്ക് അമ്പരപ്പ്

ഇസ്ലാമാബാദ്● ബിലാവല്‍ ഭൂട്ടോ സര്‍ദാരി. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി അദ്ധ്യക്ഷനുമായ ബിലാവലിനെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. കാശ്മീര്‍ പാക്കിസ്ഥാന് അവകാശപ്പെട്ടതാണെന്നും കാശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കുമെന്നും ബിലാവല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പേരില്‍ മലയാളികള്‍ ഒന്നടങ്കം ബിലാവലിന്റെ ഫേസ്ബുക്ക്‌ പേജില്‍ ‘പൊങ്കാല’യിട്ടിരുന്നു. ഭാഷ അറിയില്ലെങ്കിലും മലയാളികളുടെ ആക്രമണം സഹിക്കാനാവാതെ ബിലാവല്‍ തന്റെ പേജ് ഇന്ത്യയില്‍ ലഭ്യമാകാത്ത വിധം ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയതുമൊക്കെ നാം കണ്ടതാണ്.

എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് നാം കണ്ട ബിലവലല്ല ഇപ്പോഴത്തേത്. ആളാകെ മാറിയിരിക്കുന്നു. പല ഘട്ടങ്ങളിലും തീവ്ര ഇന്ത്യാ വിരുദ്ധ നിലപാട് എടുത്തിരുന്ന ബിലാവല്‍ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ യുദ്ധവിരുദ്ധ സന്ദേശവുമായി രംഗത്തെത്തി പാകിസ്ഥാന്‍ നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബിലാവല്‍ തന്റെ യുദ്ധവിരുദ്ധ സന്ദേശം പങ്കുവച്ചത്. പ്രിയപ്പെട്ട പാകിസ്ഥാൻ, ഇന്ത്യ….ഇത് യുദ്ധം പോലിരിക്കുന്നു എന്നാണ് വീഡിയോയ്ക്കൊപ്പം ബിലാവല്‍ കുറിച്ചത്.

പിന്നീട്, പ്രധാനമന്ത്രി നവാസ് ഷെരീഫ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലും യുദ്ധവിരുദ്ധ നിലപാടാണ്‌ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാശ്‌മീർ പ്രശ്‌നത്തിന് സൈനിക പരിഹാരം സാദ്ധ്യമല്ലെന്ന് സർവകക്ഷി യോഗത്തിൽ ബിലാവല്‍ വ്യക്തമാക്കി. കശ്മീരിലെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണം നവാസ് ഷെരീഫിന്റെ തെറ്റായ വിദേശനയമാണെന്ന് കുറ്റപ്പെടുത്തിയ ബിലാവല്‍ നിശ്ചയദാർഢ്യമുള്ള വിദേശനയം വേണമെന്നും ആവശ്യപ്പെട്ടത്രേ!

തന്റെ മുത്തച്ഛനായ മുൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ വിദേശനയത്തെ ബിലാവല്‍ പ്രകീര്‍ത്തിയ്ക്കുകയും ചെയ്തു. നിശ്ചയദാർഢ്യമുള്ള നയതന്ത്രവും ആക്രമണോത്സുകമായ വിദേശനയവുമായിരുന്നു ഭൂട്ടോയുടേതെന്ന് ബിലാവൽ പറഞ്ഞു. ഇന്ത്യ കൈയേറിയ പ്രദേശങ്ങൾ തിരിച്ചെടുക്കുന്നതിലും 1971ൽ ആയിരക്കണക്കിന് യുദ്ധത്തടവുകാരെ വിട്ടുകിട്ടുന്നതിലും സഹായകമായത് ഈ നയമാണ്. ഇങ്ങനെയാണ് പാകിസ്ഥാൻ നയതന്ത്രം മുന്നോട്ട് കൊണ്ടുപോവേണ്ടതെന്ന് ബിലാവല്‍ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button