KeralaNews

അവയവദാനത്തിനെതിരെ സംസാരിച്ച നടന്‍ ശ്രീനിവാസന് മാത്യു അച്ചാടന്റെ ഹൃദയത്തിന്റെ ഭാഷയിലൊരു മറുപടിക്കത്ത്

തിരുവനന്തപുരം: അവയവദാനത്തിനെതിരെ സംസാരിച്ച ചലച്ചിത്ര നടന്‍ ശ്രീനിവാസനെതിരെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യൂ അച്ചാടന്റെ ഒരു മറുപടിക്കത്ത്. ഹൃദയത്തിന്റെ ഭാഷയിലെഴുതിയ ഈ മറുപടിക്കത്താണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്. അവയവ ദാനമെന്ന ഏറ്റവും മഹത്തായ പുണ്യ പ്രവര്‍ത്തിയെ ഇകഴ്ത്തിക്കൊണ്ട് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവന അറിഞ്ഞതുകൊണ്ടാണ് ഹൃദയവേദനയോടെയാണ് താന്‍ ഇതെഴുതുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കത്തിന്റെ തുടക്കം. താങ്കളെപ്പോലുള്ളയാളില്‍ നിന്ന് ഇതുണ്ടായത് ഖേദകരമാണ്. ഇനിയെങ്കിലും ദയവു ചെയ്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തല്ലേ എന്ന അപേക്ഷയോടെയാണ് ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
വായിക്കാം മാത്യൂ അച്ചാടന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രിയ ശ്രീനിവാസന്‍

അവയവ ദാനമെന്ന ഏറ്റവും മഹത്തായ പുണ്യ പ്രവര്‍ത്തിയെ ഇകഴ്‌ത്തിക്കൊണ്ട് താങ്കള്‍ നടത്തിയ പ്രസ്താവന അറിഞ്ഞതുകൊണ്ടാണ് ഹൃദയവേദനയോടെ ഞാനീ കുറിപ്പ് ഇടുന്നത്. എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠശര്‍മ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും എന്റെ നെഞ്ചിനുള്ളില്‍ സ്‌പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയില്‍ അന്ന് ഹൃദയം സ്വീകരിച്ചയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കള്‍ പരിഹസിച്ചത് എന്നെക്കുറിച്ചാണ്. ഞാനാണ് അന്ന് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍.

15 മാസം മുമ്പ് നടക്കാനോ നില്‍ക്കാനോ കഴിയാതെ ഏത് നിമിഷവും ജീവന്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന ഞാന്‍ ഇപ്പോള്‍ നിങ്ങളെ ഓരോരുത്തരേയും പോലെ സാധാരണ ജീവിതം നയിക്കുകയാണ്. ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നു. അവയവ ദാനത്തിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുന്ന ഈ കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ താങ്കളെപ്പോലെ പൊതു ജന സ്വീകാര്യനായ ഒരാള്‍ പറയുന്നത് സങ്കടകരമാണ്. അവയവം ദാനം ചെയ്ത് മാതൃക കാട്ടുന്നവരേയും അത് സ്വീകരിച്ച് ജീവിതം തിരികെപ്പിടിയ്ക്കുന്ന എന്നെപ്പോലുള്ളവരേയും അത് ഏറെ സങ്കടപ്പെടുത്തും.
ഒരു നടന്‍ എന്ന നിലയിലും, എഴുത്തുകാരന്‍ എന്ന നിലയിലും താങ്കളെ എറെ ബഹുമാനിക്കുന്ന ഞങ്ങള്‍ മലയാളികള്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രധാന്യംകല്പിക്കുന്നുണ്ടെന്ന്മനസ്സിലാക്കുക. കാര്യങ്ങള്‍ അന്വേഷിച്ചും,പഠിച്ചും,മനസ്സിലാക്കിയും പൊതു വേദികളില്‍ അവതരിപ്പിക്കണമെന്ന് താങ്കളെ പോലുള്ള ഒരാളോട് പറയേണ്ടി വരുന്നതില്‍ എനിക്കു ഖേദമുണ്ട്.മരണത്തിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും അവന്റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളുടെ നാടാണിത്. ദയവു ചെയ്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തല്ലേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button