India

റിപ്പബ്ലിക് ദിനാഘോഷം : അബുദാബി കിരീടാവകാശിയെ ക്ഷണിക്കാനുള്ള യഥാര്‍ത്ഥ കാരണം

അബുദാബി : 2017 ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യാതിഥിയാകും. 2006 ല്‍ സൗദി രാജാവ് ആണ് ഇതിന് മുന്‍പ് ഗള്‍ഫ് മേഖലയില്‍ നിന്നും റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യ അതിഥിയായി എത്തിയത്. പിന്നീട് 2013 ല്‍ ഒമാന്‍ സുല്‍ത്താനെ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യ അതിഥിയായി ക്ഷണിച്ചിരുന്നു എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളുമായി അദ്ദേഹം പിന്‍മാറിയതിനെ തുടര്‍ന്ന് ഭൂട്ടാന്‍ രാജാവ് ആണ് അവസാനം അതിഥിയായി എത്തിയത്.

മുഖ്യാതിഥിയാകാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണത്തിന് നന്ദിയറിയിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കത്തയച്ചതായി ഞായറാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു. ചരിത്രത്തില്‍ തങ്ങളുടെ ബന്ധങ്ങള്‍ ഏറെ ആഴത്തിലുള്ളതാണെന്നും നയതന്ത്ര സഹകരണം വര്‍ധിച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. 2017ലെ റിപ്പബ്ലിക് ദിനത്തിന് ഇന്ത്യയുടെ പ്രിയ സുഹൃത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യാതിഥിയായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനത്തിന് തിരഞ്ഞെടുത്ത രാജ്യം യുഎഇ ആയിരുന്നു. 34 കൊല്ലത്തിന് ശേഷമായിരുന്നു ഉഭയകക്ഷി ബന്ധത്തിന്റെ പേരില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയില്‍ എത്തിയത്. അന്ന് ഭീകരതക്ക് മതങ്ങളെ ഉപയോഗിച്ച് ന്യായീകരണം ചമയ്ക്കുന്നതിനെയും പിന്തുണ നല്‍കുന്നതിനെയും നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്താമെന്നും അന്ന് ധാരണയുണ്ടായിരുന്നു. പ്രധാനമന്ത്രിയും യു.എ.ഇയും അന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ 11 തവണയാണ് ഭീകരവാദം എന്ന വാക്ക് ഉന്നയിക്കപ്പെട്ടത്. ഇത്തവണ മേഖലയില്‍ ഭീകരവാദത്തിന്റെ പേരില്‍ പാകിസ്ഥാനുമായി ഇന്ത്യ മോശം ബന്ധത്തിലാണ്. ഈ അവസരത്തില്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ ഒപ്പം നിര്‍ത്തുക എന്നതാണ് ഈ ക്ഷണത്തിലൂടെ ഇന്ത്യ ഉദ്ദേശിക്കുന്നത് എന്നാണ് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button