കോഴിക്കോട് : കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയവര്‍ ഐ.എസിന്റെ കേരളഘടകമായി പ്രവര്‍ത്തിച്ചിരുന്ന അന്‍സാറുല്‍ ഖിലാഫയിലെ പ്രമുഖര്‍. ഇവരുടെ പ്രചാരണ വിഡിയോയും ഫെയ്‌സ്ബുക്കിലെയും ചാറ്റ് ഗ്രൂപ്പായ ടെലിഗ്രാമിലെയും കുറിപ്പുകളും എന്‍ഐഎയ്ക്കു ലഭിച്ചു.
12 പേരടങ്ങുന്ന അന്‍സാറുല്‍ ഖിലാഫ, ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനില്‍ രൂപീകരിച്ച ചാറ്റ് ഗ്രൂപ്പില്‍ നുഴഞ്ഞുകയറിയാണ് എന്‍.ഐ.എയും കേന്ദ്ര, കേരള ഇന്റലിജന്‍സും ഇവരുടെ പദ്ധതികള്‍ തകര്‍ത്തത്. ഐ.എസ് ആശയങ്ങളുടെ പ്രചാരണത്തിലൂടെയാണു ഗ്രൂപ്പിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നത്. ‘അന്‍സാറുല്‍ ഖിലാഫ-കെ..എല്‍’ എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരില്‍ രൂപവല്‍ക്കരിച്ച സംഘടനയുടെ മുഴുവന്‍ പേര്. ‘കെഎല്‍’ കേരളത്തെയാണു സൂചിപ്പിക്കുന്നതെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. സംഘടനയുടെ പേരില്‍ എട്ടുമാസം മുന്‍പാണു ടെലിഗ്രാമില്‍ ചാറ്റ് ഗ്രൂപ്പ് രൂപീകരിച്ചത്.
പൂര്‍ണമായും രഹസ്യസംവിധാനമായ ഈ ഗ്രൂപ്പില്‍ വ്യാജപ്പേരുകളിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കയറിപ്പറ്റിയതും വിവരങ്ങള്‍ ചോര്‍ത്തിയതും. ഐഎസിന്റെ ഖിലാഫത്ത് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പ്രചാരണം. ഖത്തറിലായിരുന്ന കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മന്‍സീദ് ആണ് സമീര്‍ അലി എന്ന പേരില്‍ ഇതിനു നേതൃത്വം നല്‍കിയതെന്ന് എന്‍ഐഎ കണ്ടെത്തി.
എസ്പി: എ.പി.ഷൗക്കത്തലി, ഡിവൈഎസ്പിമാരായ അബ്ദുല്‍ഖാദര്‍, വിക്രമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എന്‍ഐഎ നീക്കങ്ങള്‍. സംസ്ഥാന, കേന്ദ്ര ഇന്റലിജന്‍സും ആഭ്യന്തര സുരക്ഷാവിഭാഗവും ശക്തമായ പിന്തുണ നല്‍കി. ഗ്രൂപ്പില്‍ അംഗങ്ങളായവരുടെ ആശയവിനിമയത്തില്‍, വ്യാജപ്പേരുകളില്‍ ഏജന്‍സി അംഗങ്ങളും സജീവമായി പങ്കെടുത്തു. വ്യാജ ഐഡികള്‍ നേരത്തേതന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചാണ് അന്വേഷകര്‍ ഗ്രൂപ്പില്‍ സജീവമായത്. സോഷ്യല്‍മീഡിയയില്‍ ദേശ വിരുദ്ധ, വര്‍ഗീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ തിരഞ്ഞുപിടിച്ചു സൗഹൃദം സ്ഥാപിച്ചാണ് ഈ ഗ്രൂപ്പിലേക്കെത്തിയത്.
ഗ്രൂപ്പിലെ ഓരോദിവസത്തെയും ആശയവിനിമയങ്ങള്‍ നിരീക്ഷിച്ചു. പലരും വന്നും പോയുമിരുന്നു. സ്ഥിരമായി സന്ദേശങ്ങളയച്ചിരുന്നതു 12 പേരായിരുന്നു. ഇവര്‍ ഓരോരുത്തരെയും ഏജന്‍സികള്‍ ഇന്റര്‍നെറ്റിലൂടെയും നേരിട്ടും പിന്തുടര്‍ന്നു. ഉറി ഭീകരാക്രമണ ദിവസം ഇന്ത്യന്‍ സൈന്യത്തിനെതിരെ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടു. ഇവയാണ് എന്‍ഐഎ പ്രധാന തെളിവുകളായി കണ്ടെടുത്തിരിക്കുന്നത്. ഐഎസിന്റെ നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയെ പിന്തുടരാനുള്ള ആഹ്വാനങ്ങളുമുണ്ടായിരുന്നു.
ഗ്രൂപ്പിലെ 12 പേരും മലയാളികളാണ്. ഇവരില്‍ പലരും വിദേശത്താണ്. സംഘത്തലവനെന്ന് എന്‍ഐഎ പറയുന്ന മന്‍സീദ് യോഗത്തില്‍ പങ്കെടുക്കാനായി മാത്രം നാലുദിവസം മുന്‍പു വിദേശത്തുനിന്നെത്തിയതാണെന്ന് അന്വേഷകര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 26ന് ഇയാളുടെ വ്യാജ ഐഡിയില്‍നിന്നു ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത അറിയിപ്പില്‍ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു ബന്ധപ്പെടാന്‍ ടെലിഗ്രാം ഐഡി (വിലാസം) നല്‍കിയിട്ടുണ്ട്. എത്രകാലം ഈ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും അതുകൊണ്ടു ഖിലാഫത്തുമായി ബന്ധപ്പെടാന്‍ താല്‍പര്യമുള്ളവര്‍ ടെലിഗ്രാം ഐഡിയില്‍ ബന്ധപ്പെടണമെന്നുമാണു പോസ്റ്റ്.
മികച്ച വിദ്യാഭ്യാസം നേടിയവരാണു സംഘാംഗങ്ങളില്‍ അധികവും. വീട്ടുകാര്‍ക്കുപോലും ഇവരുടെ നീക്കങ്ങളെക്കുറിച്ചു ധാരണയില്ലായിരുന്നുവെന്ന് അന്വേഷകര്‍ പറയുന്നു. ഞായറാഴ്ച അറസ്റ്റിലായ ആറു പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments