കണ്ണൂര്‍: ഐ.സിലേക്ക് കേരളത്തില്‍ നിന്ന് മുന്നൂറോളം പേരെ ഇതിനകം റിക്രൂട്ട് ചെയ്തുകഴിഞ്ഞതായി തലശേരി മേക്കുന്ന് കനകമലയില്‍ കഴിഞ്ഞ ദിവസം പിടിയിലായവര്‍ മൊഴി നല്‍കി. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐസിസ് സ്ലീപ്പിംഗ് സെല്ലിലെ അംഗങ്ങളാണ് പിടിയിലായവരെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) ചോദ്യംചെയ്യലില്‍ വ്യക്തമായി. അന്‍സാര്‍ ഉള്‍ ഖലീഫ എന്നാണ് ഐസിസ് ദക്ഷിണേന്ത്യന്‍ സെല്‍ അറിയപ്പെടുന്നത്.
ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുവന്നത് ഉത്തരേന്ത്യയിലെ ചില ബുദ്ധികേന്ദ്രങ്ങളില്‍ നിന്നാണ്. പരിശീലനം പൂര്‍ത്തിയാവുന്നതോടെ 30 പേരടങ്ങുന്ന പത്തു സംഘങ്ങളായി തിരിച്ച് ഭീകരപ്രവര്‍ത്തനത്തിന് നിയോഗിക്കുകയായിരുന്നു ലക്ഷ്യം. ആലുവയിലെ ആസ്ഥാനത്തെ സംബന്ധിച്ച വിവരങ്ങളും പിടിയിലായവരില്‍ നിന്ന് ലഭിച്ചു. കേന്ദ്രസമിതിയുടെ ഉപവിഭാഗമായാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ന്യായാധിപന്മാര്‍ തുടങ്ങിയവരുടെ ഫോട്ടോകളും വിവരങ്ങളും അടങ്ങിയ രേഖകള്‍ ഇവരില്‍ നിന്നു കണ്ടെടുത്തു.
ആലുവയില്‍ ഐസിസ് കേന്ദ്രസമിതി രൂപീകരിക്കുന്നതു സംബന്ധിച്ച യോഗത്തിലും അറസ്റ്റിലായവര്‍ പങ്കെടുത്തിട്ടുണ്ട്. രഹസ്യയോഗങ്ങളുടെ സ്ഥലവും തീയതിയും അറിയിച്ചിരുന്നത് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ്. ഇതിന് രഹസ്യകോഡുകള്‍ ഉപയോഗിക്കുന്നു. പരിസ്ഥിതി സംഘടനകളിലും ദുര്‍ബലമായ ചില രാഷ്ട്രീയ പാര്‍ട്ടികളിലും നുഴഞ്ഞുകയറിയും ഇവര്‍ പ്രവര്‍ത്തിക്കുന്നു.
കോളേജ് കാമ്പസുകളിലും ഐസിസ് കണ്ണികളുള്ളതായാണ് വെളിപ്പെടുത്തല്‍. പ്രധാനമായും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളിലെ ചില കാമ്പസുകളില്‍. എന്‍.ഐ.എ ഈ ദിശയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ്.
Post Your Comments