ഡൽഹി: കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി പുറത്തുവന്ന കള്ളപ്പണം ഗ്രാമീണരുടെയും കര്‍ഷകരുടെയും ഉന്നമനത്തിനായി ചെലവഴിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ആരംഭമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വളർച്ച ലക്ഷ്യമിട്ടാണ് അമിത് ഷായുടെ പ്രസ്താവനയെന്നാണ് വിലയിരുത്തല്‍.
ഇത്രയും കള്ളപ്പണം തിരിച്ചെടുക്കാന്‍ സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായ ഒരു സര്‍ക്കാറിനും കഴിഞ്ഞിട്ടില്ല. കള്ളപ്പണം തിരിച്ചെടുക്കുമെന്ന വാഗ്ദാനം കുറഞ്ഞ സമയപരിധിയില്‍ പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു. പാവപ്പെട്ട കര്‍ഷകരുടെയും ഗ്രാമീണരുടെയും യുവജനങ്ങളുടെയും വികസനത്തിനു വേണ്ടി വെളിപ്പെടുത്തപ്പെട്ട കള്ളപ്പണം പ്രയോജനപ്പെടുത്തും. ‘ഗ്രാമോദയില്‍ നിന്നും ഭാരത് ഉദയിലേക്ക്’ എന്ന മോദിയുടെ വാഗ്ദാനത്തിന്റെ ആരംഭമാണ് ഇതെന്നും അദ്ദേഹം പറയുന്നു.
കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി കഴിഞ്ഞ ജൂണ്‍ 1 മുതല്‍ ആരംഭിച്ച് സെപ്റ്റംബര്‍ 30-നാണ് അവസാനിപ്പിച്ചത്. പദ്ധതി പ്രയോജനപ്പെടുത്തിയവരുടെ എണ്ണവും തുകയുമല്ലാതെ മറ്റൊരുകാര്യവും സര്‍ക്കാര്‍ പുറത്തുവിടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. വെളിപ്പെടുത്താത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റിയത് 64,275 പേരാണ്. 65,250 കോടി രൂപയുടെ കള്ളപ്പണമാണ് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിന്റെ 45 ശതമാനം സര്‍ക്കാറിന് പലിശയും പിഴയുമായി നല്‍കി നിയമ നടപടികള്‍ ഒഴിവാക്കാമെന്നതായിരുന്നു പദ്ധതി.
Post Your Comments