കണ്ണൂര്‍: വിപണിയില്‍ വീണ്ടും വ്യാജ കോഴിമുട്ടകള്‍ വ്യാപകമാകുന്നു. കൃത്രിമ മുട്ടകള്‍ ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചാണ്. ഇത് കണ്ടെത്താനും തിരിച്ചറിയാനും സാധിക്കാത്തതിനാൽ ആരോഗ്യവകുപ്പും പ്രതിസന്ധിയിലാണ്. ഇവയെ ചൈനീസ് മുട്ട എന്നാണ് അറിയപ്പെടുന്നത്. ഇത്തരം മുട്ടകൾ മറ്റുചില രാജ്യങ്ങളിലും നിര്‍മിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശി കൂത്തൂര്‍ രാമചന്ദ്രന് ലഭിച്ച മുട്ടകള്‍ മുഴുവന്‍ ഇത്തരത്തിലുള്ളതായിരുന്നു. കേരളത്തില്‍ ഇവയെത്തുന്നത് തമിഴ്‌നാട് വഴിയാണ്. സാധാരണ നാടന്‍ കോഴിമുട്ടയുടെ വിലതന്നെയാണ് ഈടാക്കുന്നത്. കച്ചവടക്കാരും മുട്ട കൃത്രിമമാണെന്നറിയാതെയാണ് വാങ്ങുന്നതും വില്‍ക്കുന്നതും. വൃക്കയ്ക്കും കരളിനും വയറിനും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ രാസക്കൂട്ടുകള്‍.
നേരത്തേത്തന്നെ സമൂഹമാധ്യമങ്ങള്‍വഴി ചൈനീസ് മുട്ടകളുടെ നിര്‍മാണരീതികള്‍ പ്രചരിച്ചിട്ടുണ്ട്. മുട്ടയുടെ വെള്ളയുണ്ടാക്കാന്‍ സ്റ്റാര്‍ച്ച്, റെസിന്‍, സോഡിയം ആല്‍ഗിനേറ്റ് എന്നിവയും ഇതിനെ ദ്രാവകരൂപത്തില്‍ നിലനിര്‍ത്താന്‍ ഒരുതരം ആല്‍ഗയുടെ സത്തുമാണ് ഉപയോഗിക്കുന്നത്. മഞ്ഞക്കരുവിലെ പ്രധാന ഘടകങ്ങള്‍ ആര്‍ഗനിക് ആസിഡ്, പൊട്ടാസ്യം ആലം, ജെലാറ്റിന്‍, കാല്‍സ്യം ക്ലോറൈഡ്, ബെന്‍സോയിക് ആസിഡ്, കൃത്രിമനിറങ്ങള്‍ എന്നിവയാണ്. മുട്ടത്തോടിന് വേണ്ടി കാല്‍സ്യം കാര്‍ബണേറ്റ്, ജിപ്‌സം, പെട്രോളിയം മെഴുക് എന്നിവ ഉപയോഗിക്കുന്നു. യഥാര്‍ഥമാണെന്ന് തോന്നിക്കാനായി മുട്ടത്തോടിനുമുകളില്‍ കോഴിയുടെ കാഷ്ഠാവശിഷ്ടങ്ങളും പുരട്ടുന്നുണ്ട്. മുട്ടത്തോടിൻറെ നിര്‍മാണം അച്ചുകള്‍ ഉപയോഗിച്ചാണ്. എത്ര പരിശോധിച്ചാലും തിരിച്ചറിയാന്‍ കഴിയില്ല. ചൈനയില്‍ കൃത്രിമമുട്ട നിര്‍മാണം തുടങ്ങുന്നത് 1990-കളിലാണ്.
ഈ മുട്ടകൾ തിരിച്ചറിയാൻ പ്രയാസമാണ്. സാദാ മുട്ടകളെ അപേക്ഷിച്ച് ഈ മുട്ടകള്‍ പൊട്ടിച്ച് ദിവസങ്ങള്‍ കഴിഞ്ഞാലും മണമൊന്നുമുണ്ടാകില്ല. ഉറുമ്പോ ഈച്ചയോ വരില്ല. ഇളം മഞ്ഞക്കരുവിന് ഒരു റബ്ബര്‍ സ്വഭാവമാണ്. മുട്ടത്തോട് പൊട്ടിച്ചാലും ഉള്‍ഭാഗം പൊട്ടില്ല. അതിനുള്ളിൽ ഒരു പ്ലാസ്റ്റിക്‌പോലുള്ള ആവരണംകൂടിയുണ്ടാവും. മുട്ടയുടെ മണമോ രുചിയോ കുറവാണ്. ജെല്ലി ചവയ്ക്കുന്ന പോലെ തോന്നുക. ഹോട്ടലുകളില്‍ ഫ്രൈഡ് റൈസ്, മുട്ടക്കറി തുടങ്ങിയവയില്‍ ഉപയോഗിച്ചാല്‍ തിരിച്ചറിയാനാകില്ല.
Post Your Comments