അഞ്ചല്‍● പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന് ലിമിറ്റഡി(ആര്.പി.എല്‍) ന്റെ ആയിരനല്ലൂര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളിയായ യുവതിയെ ബലാല്‍സംഗം ചെയ്ത സൂപ്പര്‍വൈസറെ പോലീസ് അറസ്റ്റ് ചെയ്തു. ആയിരനല്ലൂര്‍ എസ്റ്റേറ്റിലെ സൂപ്പര്‍വൈസര്‍ അഞ്ചല്‍ സ്വദേശി ഷിബുവിനെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്ത്. യുവതി കൊല്ലം റൂറല്‍ എസ്.പിയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ ആഗസ്റ്റ് 26 നാണ് ഷിബു യുവതിയെ എസ്റ്റേറ്റിലെ റബര്‍ നഴ്സറിയില്‍ വച്ച് ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് യുവതി അധികൃതര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഷിബുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പരാതി പ്ലാന്റേഷനിലെ വനിതാസെല്ലിന് കൈമാറിയെങ്കിലും വിവരം പോലീസിനെ അറിയിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് യുവതി റൂറല്‍ എസ്.പി അജിതാ ബീഗത്തെ സമീപിച്ചത്.
തുടര്‍ന്ന് റൂറല്‍ എസ്.പി പരാതി ഏരൂര്‍ പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments