NewsIndia

ഇന്ത്യയില്‍ ഭീകരാക്രമണത്തിനൊരുങ്ങി പാക് ഭീകരര്‍ : ഭീകരരുടെ ഹിറ്റ്‌ലിസ്റ്റില്‍ പ്രമുഖര്‍ : ആശങ്കയോടെ രാജ്യം

ന്യൂഡല്‍ഹി : ഇന്ത്യയെ നേരിട്ട് ആക്രമിയ്ക്കാതെ ഭീകരാക്രമണം വഴി ഇന്ത്യയ്്ക്ക് തിരിച്ചടി നല്‍കാനാണ് പാകിസ്ഥാന്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി. നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം പാക്കിസ്ഥാന്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഈ വിലയിരുത്തല്‍. തിരിച്ചടി നല്‍കാന്‍ ഭീകരവാദ ഗ്രൂപ്പുകള്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. അതിര്‍ത്തിവഴി കൂടുതല്‍ ഭീകരര്‍ക്ക് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാക്കിസ്ഥാന്‍ അവസരം ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിനു പുറമെ പ്രധാന നഗരങ്ങളും രാഷ്ട്രീയ, ചലച്ചിത്ര പ്രമുഖരെയും വരെ ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു.
നിയന്ത്രണരേഖ കടന്ന് പാക്ക് പ്രവിശ്യയിലെത്തി ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന വിവരം പാക്കിസ്ഥാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അവര്‍ ഇക്കാര്യം സമ്മതിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അത്തരത്തില്‍ ഇന്ത്യ ആക്രമണം നടത്തിയതായി അവര്‍ സ്ഥിരീകരിച്ചിരുന്നുവെങ്കില്‍ സൈനിക തിരിച്ചടിമാത്രമേ അവര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് അവര്‍ ഇന്ത്യന്‍ ആക്രമണം തള്ളിയതെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സാധാരണക്കാരുടെനേരെയും ആക്രമണമുണ്ടായേക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടു അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
അതിനിടെ, പഞ്ചാബിലെ ദിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ ബലൂണുകള്‍ പറന്നെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഉറുദുവില്‍ ‘അയൂബിന്റെ വാള്‍ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്’ എന്നെഴുതിയ രണ്ടു ബലൂണുകളാണു ദിനനഗറിലെ ഗീസാല്‍ ഗ്രാമവാസികള്‍ക്കു ലഭിച്ചത്. രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button