ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ തുടരുന്നു. അഭ്യൂഹങ്ങൾ അവസാനിപ്പിക്കാനായി ആശുപത്രിയിൽ കഴിയുന്ന അവരുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധി ആവശ്യപ്പെട്ടു.ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്.പക്ഷെ കഴിഞ്ഞ മൂന്നു ദിവസമായി ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ പുറത്തിറക്കിയിരുന്നില്ല. കൂടാതെ സീനിയർ മന്ത്രിമാർക്കുവരെ മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനും മുഖ്യമന്ത്രിയെ കാണാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടുതൽ ആശങ്കകൾക്ക് വഴിയൊരുക്കുന്നു.
ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് എഐഎഡിഎംകെയും ഒന്നും പറയുന്നില്ല. ഈ സാഹചര്യത്തിലാണ് കരുണാനിധി ഭരണ കക്ഷിക്കെതിരെ പ്രസ്താവനയുമായെത്തിയത്. അതിന് ശേഷവും എഐഎഡിഎംകെയും സർക്കാരും മൗനം തുടരുന്നത് അഭ്യൂഹം ശക്തമാക്കുകയാണ്. ജയലളിത ആരോഗ്യം വീണ്ടെടുത്ത് ഔദ്യോഗിക പദവികളിൽ പുനഃപ്രവേശിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും കരുണാനിധി വ്യക്തമാക്കിയിരുന്നു.
ഒമ്പതു ദിവസമായി പനിയും നിർജലീകരണവും ബാധിച്ച് ജയലളിത ആശുപത്രിയിലാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അവരുടെ ആരോഗ്യപുരോഗതിയെ കുറിച്ച് ജനങ്ങൾക്ക് നിരന്തരം വിവരം കൈമാറണം. ഒരാഴ്ചയായി ആശുപത്രിയിൽ തുടരുന്ന ജയലളിതയെ സന്ദർശിക്കാൻ എന്തുകൊണ്ട് ആരെയും അനുവദിക്കുന്നില്ലെന്നും ഗവർണർ ഇക്കാര്യത്തിൽ ഇടപെടണമെന്നും കരുണാനിധി ആവശ്യപ്പെട്ടു. ജയലളിതയെ പ്രവേശിപ്പിച്ചിട്ടുള്ള സ്ഥലത്തേക്ക് വളരെ ചുരുക്കംപേർക്ക് മാത്രമേ പ്രവേശനമുള്ളൂ. മൊബൈൽഫോണോ മറ്റ് ആധുനിക ആശയവിനിമയ ഉപകരണങ്ങളോ ഈ ഭാഗത്തേക്ക് കൊണ്ടുപോവുന്നതിന് പോലീസ് അനുമതി നൽകുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ദിവസങ്ങളായി നവമാദ്ധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ചു അപവാദങ്ങൾ പരക്കുന്നുണ്ട്. ഇത്തരത്തിൽ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുന്നത് അവസാനിപ്പിക്കാൻ കൃത്യമായ വിവരങ്ങൾ ജനങ്ങളെ ധരിപ്പിക്കണമെന്നും കരുണാനിധി പറഞ്ഞു.
കഴിഞ്ഞ 22 നാണ് അറുപത്തെട്ടുകാരിയായ ജയലളിതയെ അസുഖം കൂടിയതിനെത്തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും ദിവസങ്ങൾക്കുള്ളിൽ ആശുപത്രിവിടാൻ കഴിയുമെന്നുമാണ് അപ്പോളോ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അഭ്യൂഹം പരത്തിയെന്നാരോപിച്ച് ഒരു സ്ത്രീക്കെതിരേ തമിഴ്നാട് പോലീസ് കേസെടുത്തു. എ.ഐ.എ.ഡി.എം.കെ. പ്രവർത്തകരുടെ പരാതിയിൽ ഫ്രാൻസിൽ നിന്നുള്ളയാളെന്നു കരുതുന്ന സ്ത്രീക്കെതിരേ കലാപത്തിന് പ്രേരണ ചുമത്തിയെന്ന കുറ്റമാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി വെന്റിലേറ്ററിലാണെന്നും മറ്റുമുള്ള റിപ്പോർട്ടുകൾ വെറും അഭ്യൂഹമാണെന്നാണ് എ.ഐ.എ.ഡി.എം.കെ വൃത്തങ്ങൾ പറയുന്നത്. പക്ഷേ, ഈ അഭ്യൂഹങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ നടപടികൾ ആശുപത്രി അധികൃതരുടെയോ സർക്കാറിന്റെയോ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന പരാതിയാണ് ഡി.എം.കെ. പ്രസിഡന്റ് കരുണാനിധിയും പി.എം.കെ. നേതാവ് ഡോക്ടർ രാമദാസും ഉൾപ്പെടെയുള്ളവർ ഉയർത്തുന്നത്.
Post Your Comments