ബെയ്ജിങ് ● ചൈന ബ്രഹ്മപുത്ര നദിയുടെ ടിബറ്റിലെ കൈവഴി അടച്ചു. ഉറി ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കുന്ന കാര്യം ഇന്ത്യ ആലോചിച്ച് വരവേയാണ് പാകിസ്ഥാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈനയുടെ അപ്രതീക്ഷിത നീക്കം. ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിനായാണ് ടിബറ്റൻ ഭാഷയിൽ യർലുംഗ് സംഗ്ബോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദിയുടെ കൈവഴിയായ സിയാബു നദി അടച്ചത്.
ഇത് നദിയിലെ ജലം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയേയും ബംഗ്ലാദേശിനേയും ബാധിച്ചേക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സിൻഹുവ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ സിക്കിമിന് സമീപത്താണ് അണക്കെട്ട് നിർമിക്കുന്ന സിഗാസെ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിലേക്ക് ഒഴുകുന്നത്. 49,298,060,000 രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പദ്ധതി ചൈനയുടെ ഏറ്റവും വിലയേറിയ പദ്ധതിയെന്നാണ് ‘സിന്‍ഹുവ’ വിശേഷിപ്പിച്ചിരിക്കുന്നത്. 2014 ജൂണില്‍ ആരംഭിച്ച ഡാമിന്റെ നിർമാണം 2019ൽ പൂർത്തിയാവും.
കഴിഞ്ഞ വർഷം, സമുദ്ര നിരപ്പിൽ നിന്നും 3,300 മീറ്റർ ഉയരത്തിലുള്ളതും 1.5 ബില്യൺ ഡോളറിന്റെ സാംഗ്മു ജലവൈദ്യുത നിലയം ചൈന കമ്മിഷൻ ചെയ്തിരുന്നു. 510,000 കിലോ വാട്ട് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള ഈ പദ്ധതിയില്‍ ഇന്ത്യ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
12 ാം പഞ്ചവത്സര പദ്ധതി പ്രകാരം അഞ്ച് ഡാമുകളാണ് ചൈന നിര്‍മ്മിക്കുന്നത്. ഇനി മൂന്ന് ഡാമുകൾ കൂടി ബ്രഹ്മപുത്രയിൽ ചൈന പണിയുന്നുണ്ട്. ചൈനയുടെ അണക്കെട്ട് നിർമാണത്തെ തുടർന്ന് മാർച്ചിൽ, ജലവൈദ്യുത മന്ത്രി സൻവർലാൽ ജാട്ട് ആശങ്ക അറിയിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ ജല കരാര്‍ ഒന്നും തന്നെ ഇല്ലാത്തതിനാൽ, 2013ൽ ഇന്ത്യയും ചൈനയും വിദഗ്ദ്ധ തലത്തിലുള്ള സംവിധാനം (ഇ.എൽ.എം) കൊണ്ടുവരാനുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇത് പ്രകാരം അതിർത്തിയിലെ നദികളുടെ ഒഴുക്ക് സംബന്ധിച്ച വിവരങ്ങൾ ചൈന ഇന്ത്യയ്ക്ക് കൈമാറുമായിരുന്നു. സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ ആലോചനയെക്കുറിച്ച് സെപ്തംബർ 27 ന് ചൈന വിവരങ്ങൾ ആരാഞ്ഞിരുന്നു.
Post Your Comments