അനാവശ്യകാര്യങ്ങളിൽ ശ്രദ്ധചെലുത്തി വിവാദം ഉണ്ടാക്കുക എന്നതാണ് ഇന്നത്തെ സമൂഹത്തിന്റെ ലക്ഷ്യം. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. അങ്ങനെയുള്ളവർക്കെതിരെ പ്രതികരിക്കുകയാണ് സോമരാജൻ പണിക്കര്‍ എന്ന സാമൂഹ്യപ്രവർത്തകൻ. അദ്ദേഹത്തിന്റെ പ്രതികരണം വായിക്കാം.
ഒരു വ്യക്തിയുടെ കാലിൽ തൊട്ടു മറ്റൊരു വ്യക്തി നമസ്കരിക്കുന്നതോ സാഷ്ടാംഗം പ്രണമിക്കുന്നതോ ആയ ചിത്രങ്ങൾ കൊടുത്ത് അവയെ പരിഹസിച്ച് ചില ഫേസ്ബുക്ക് പോസ്റ്റുകൾ ഇടയ്ക്കിടെ
കാണാറുണ്ട് . ഭാരതീയമായ എല്ലാം പരിഹസിക്കപ്പെടേണ്ടതാണു എന്ന വിചാരമോ അന്യ മത നിന്ദയോ മനപ്പൂർവ്വം ഒരു വിവാദം കണ്ടുപിടിക്കലോ വെറും നർമ്മമോ ഒക്കെ ആവാം .
ഞാൻ ഒരു തീവ്ര മതവിശ്വാസിയോ അമിതമായ ഭക്തിയുള്ള ആളോ ഒന്നും അല്ല. മറ്റുള്ള വിശ്വാസികളേ മാനിച്ചു കഴിയുന്നതും അവരെ വൃണപ്പെടുത്താതെ സമാധാനമായി ജീവിക്കാം എന്നു കരുതുന്ന ഒരാൾ ആണ് .
വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ ഉള്ള അതിർവരമ്പ് പലപ്പോഴും ലോലമായിരിക്കുകയും ചെയ്യും . യുക്തിചിന്തയോടെ കാര്യങ്ങളെ സമീപിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും .
ഒരു വ്യക്തിയുടെ ആരാധനയേയോ ആചാരത്തേയോ മര്യാദയേയോ പരിഹസിക്കുന്നതു വളരെ കരുതലോടെ വേണം എന്നു വിശ്വസിക്കുന്ന ആളാണ് . എതെന്തിലും മത വിശ്വാസത്തേ യുക്തിയുടെ കോണിൽ കൂടി നോക്കിയാൽ അതു അസംബന്ധം ആയി മാത്രമേ കാണാൻ പറ്റൂ .
അന്യമതക്കാരൻ ആയ ഒരാൾ അയാളുടെ വിശ്വാസം അനുസരിച്ചു
നിസ്കരിക്കുന്നതു കാണുന്നതു
മറ്റൊരു മതവിശ്വാസിക്കു തമാശ ആയോ അസംബന്ധം ആയോ അർഥശൂന്യം ആയോ തോന്നാം . എന്നാൽ അങ്ങനെ ചെയ്യുന്നതിൽ അർത്ഥമുണ്ടെന്ന് കരുതുന്ന എത്രയോ ആളുകളുടെ വിശ്വാസത്തേ അത് മുറിപ്പെടുത്താം . അതിനാൽ അത്തരം പരസ്യ പരിഹാസങ്ങൾ ഒരിക്കലും നല്ലതല്ല .
അടുത്ത കാലത്തു പൂർണ്ണ സസ്യഭുക്കു ആയ ഒരു രാഷ്ട്രീയ നേതാവിനെ ബീഫ് ബിരിയാണി കഴിക്കാൻ ക്ഷണിച്ചു കൊണ്ടു ചില ഫേസ്ബുക്ക് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു . മറ്റൊരിക്കൽ മതന്യൂന പക്ഷ അംഗമായ ഒരു ജൈന സന്യാസിയുടെ നഗ്നതയേ പരിഹസിച്ചുപോസ്റ്റുകൾ വന്നു . ഇതെല്ലാം മതസ്പർദ്ധ വളർത്താനും അന്യമത വിദ്വേഷം വളർത്താനും മാത്രം ഉദ്ദേശിച്ചുള്ള പോസ്റ്റുകൾ ആണ് .അതു കൊണ്ടാണു ബീഫ് ബിരിയാണിക്കു മറുപടി ആയി പോർക്ക് ബിരിയാണിയുമായി ചിലർ പ്രത്യക്ഷപ്പെട്ടത് . അതിൽ എന്തോ രസം കാണുന്ന കുറെപ്പേർ എങ്കിലും ഫേസ് ബുക്കിലൂടെ അത്തരം വിവാദങ്ങൾ തുടങ്ങിവെക്കുന്നു .
ഭാരതീയ ആചാരങ്ങളിൽ പ്രണാമവും സാഷ്ടാംഗ പ്രണാമവും ഒക്കെ സാധാരണം ആണ് . ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമല്ല ഗുരു സ്ഥാനീയരെ കാണുമ്പോഴോ പ്രായം ചെന്നവരെ കാണുമ്പോഴോ സ്ത്രീകളെ കാണുമ്പോഴോ ഒക്കെ അതുണ്ടാകാറുണ്ട് . ഒരോ മതത്തിലും സന്യാസി സമൂഹത്തിലും വ്യത്യസ്ത ആചാരങ്ങൾ ഉണ്ടു . അവ പരസ്പരം പരിഹസിച്ചും നിന്ദിച്ചും രസിക്കുന്നതു ഒരു ബഹുസ്വര സമൂഹത്തിൽ അനാവശ്യമായ വിവാദങ്ങളും അശാന്തിയും പരത്തും എന്നതിൽ തർക്കം ഇല്ല .
ഒരു പ്രതിമയിൽ നിന്നും കണ്ണുനീർ വരുന്നു എന്നു പറഞ്ഞതു തട്ടിപ്പാണെന്ന് പറഞ്ഞ യുക്തിവാദി
സനൽ ഇടമറുക് ഇപ്പോഴും രാജ്യത്തിൽ നിന്നും പലായനം ചെയ്തു പുറത്തു കഴിയുകയാണ് .
മദർ തെരേസ അത്ഭുത ശക്തികൊണ്ട് ക്യാൻസർ രോഗം സുഖപ്പെടുത്തി എന്നു വിശ്വസിക്കാൻ ഒരു
യുക്തിവാദിക്കും ഡോക്ടർക്കും കഴിയില്ല . പക്ഷേ അതു വിവാദം ആക്കി ഒരു സമൂഹത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നതു നല്ലതല്ല .
വിശ്വാസികളെ അവരുടെ വഴിക്കു വിടുന്നതാണു നല്ലത് . പരിഹാസം മതങ്ങൾ തമ്മിലോ മത നേതാക്കൾ തമ്മിലോ അവരുടെ ആചാരങ്ങൾ തമ്മിലോ ആകാതിരിക്കട്ടെ .
മുൻപ് ഒരിക്കൽ പറഞ്ഞതു പോലെ അനാവശ്യ വിവാദങ്ങൾക്കു കൂടുതൽ സമയം കളയാതെ മറ്റു പ്രയോജനമുള്ള വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കാം
Post Your Comments