ന്യൂഡല്‍ഹി: ഇസ്ലാമാബാദില്‍ നവംബറില്‍ നടക്കേണ്ട സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌ക്കരിച്ചാലും നടത്തുമെന്ന് പാകിസ്താന്‍. ഇക്കാര്യം പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുന്നില്ലെന്ന് അറിഞ്ഞത്. ഇത് നിര്‍ഭാഗ്യകരമാണ്. പക്ഷെ ഇക്കാര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഇന്നലെയാണ് സാര്‍ക് ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്. പാകിസ്താനുമേല്‍ ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ആഗോളസമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്ലാദേശും ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സാര്‍ക്കിലുള്ളത് എട്ട് അംഗങ്ങളാണ്. ഇതില്‍ നാല് അംഗങ്ങള്‍ വിട്ടു നില്‍ക്കുന്നതോടെ ഉച്ചകോടി മാറ്റിവെക്കേണ്ടി വരും. ഇക്കാര്യം സാര്‍ക്കിന്റെ അധ്യക്ഷപദവി വഹിക്കുന്ന നേപ്പാളാണ് പ്രഖ്യാപിക്കേണ്ടത്. സാര്‍ക്കിന്റെ ചട്ടമനുസരിച്ച് ഏതെങ്കിലും രാഷ്ട്രതലവനോ സര്‍ക്കാരോ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചാല്‍ അത് മാറ്റിവയ്‌ക്കേണ്ടതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments