ന്യൂഡല്‍ഹി: ദക്ഷിണേഷ്യയില്‍ പാകിസ്ഥാന്‍ എന്ന വിഷമുള്ളില്ലാത്ത ഒരു പ്രാദേശികകൂട്ടായ്മ ആരംഭിക്കാനുള്ള ഉദ്യമത്തിലാണ് ഇന്ത്യ ഇപ്പോള്‍. ഇതിന് മുന്നോടിയായാണ്, നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും ഇന്ത്യ പിന്മാറിയത്. ദക്ഷിണേഷ്യയിലേയും ദക്ഷിണപൂര്‍വ്വേഷ്യയിലേയും രാജ്യങ്ങളുടെ അന്താരാഷ്‌ട്ര കൂട്ടായ്മയായ ബിംസ്ടെക് ഇതിനായി ഇന്ത്യയ്ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്ക്ണോമിക് കോഓപ്പറേഷന്‍ ആണ് ബിംസ്ടെക്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മര്‍, ശ്രീലങ്ക, തായ്ലാന്‍ഡ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവരാണ് ഈ കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍. പാകിസ്ഥാന്‍റെ അസാന്നിദ്ധ്യമാണ് ഈ കൂട്ടായ്മയെ ഇപ്പോള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയിരിക്കുന്നത്.
ദക്ഷിണേഷ്യയില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യന്‍ ദൗത്യത്തിന്‍റെ ആദ്യപടിയായി ഈ വരുന്ന ഒക്ടോബര്‍ 16-ന് ഗോവയില്‍ നടക്കുന്ന ബ്രിക്സ്-ബിംസ്ടെക് സംയുക്തസമ്മേളനത്തില്‍ നിരീക്ഷകപദവി നല്‍കി അഫ്ഗാനിസ്ഥാന്‍, മാല്‍ദീവ്സ് എന്നീ രാജ്യങ്ങളിലെ നേതാക്കന്മാരെ ക്ഷണിക്കുന്ന കാര്യം ആലോചിക്കുകയാണ് മോദി ഗവണ്മെന്‍റ്. ബിംസ്ടെക് കൂട്ടായ്മ ദക്ഷിണേഷ്യയില്‍ ഒരു ചാലകശക്തിയായി മാറുന്നപക്ഷം സാര്‍ക്ക് ഉപയോഗിച്ചുള്ള പാകിസ്ഥാന്‍റെ വിലപേശലുകള്‍ക്ക് അതോടെ അവസാനമാകും.
മേഖലയിലെ രാജ്യങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമായിരുന്ന സാര്‍ക്ക് വെഹിക്കിള്‍സ് ആന്‍ഡ് റെയില്‍വേസ് പാക്റ്റിന് തുരങ്കം വച്ചപ്പോള്‍ തന്നെ സാര്‍ക്കിലെ മറ്റു രാജ്യങ്ങള്‍ക്ക്
പാകിസ്ഥാനോട് കടുത്ത അപ്രീതി ഉളവായിരുന്നു. ഇതേത്തുടര്‍ന്ന്‍ രണ്ട് വര്‍ഷം മുമ്പ്തന്നെ മറ്റു രാജ്യങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന്‍ കൂടുതല്‍ മികച്ച ഒരു സങ്കേതത്തിന് രൂപം നല്‍കിയിരുന്നു. സാര്‍ക്കിന്‍റെ സുഗമമായ നടത്തിപ്പിന് ഏറ്റവും വലിയ തടസം പാകിസ്ഥാനാണെന്ന തിരിച്ചറിവില്‍, മറ്റു രാജ്യങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ രണ്ട് വര്‍ഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു എന്നര്‍ത്ഥം.
ഇതിന്‍റെ ഭാഗമായാണ് 2015-ല്‍ ബംഗ്ലാദേശ്-ഭൂട്ടാന്‍-നേപ്പാള്‍-ഇന്ത്യ (ബി.ബി.ഐ.എന്‍) മോട്ടോര്‍ വെഹിക്കിള്‍സ് ഉടമ്പടി ഇന്ത്യയുടെ മുന്‍കയ്യോടെ നിലവില്‍ വന്നത്. ഈ ഉടമ്പടിയുടെ ഭാഗമായുള്ള ധാക്കാ-ന്യൂഡല്‍ഹി കാര്‍ഗോ ട്രക്കിന്‍റെ ആദ്യപരീക്ഷണ ഓട്ടവും ഈയിടെ വിജയകരമായി പൂര്‍ത്തിയായി. ഇതുകൂടാതെ ഇന്ത്യ-ഇറാന്‍-അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ത്രികക്ഷിസംവിധാനമായ ചബഹാര്‍ തുറമുഖത്തിന്‍റെ വികസനത്തിനായുള്ള ഉഭയകക്ഷി കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പിട്ടതും പാകിസ്ഥാന് വന്‍തിരിച്ചടിയാണ് നല്‍കിയത്. ഇതോടെ, പാകിസ്ഥാനെ പൂര്‍ണ്ണമായും ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയ്ക്ക് വാണിജ്യ യാത്രാമാര്‍ഗ്ഗം തുറന്നുകിട്ടി. അതുവഴി മദ്ധ്യേഷ്യയുമായും ഇന്ത്യയുടെ സമ്പര്‍ക്കം എളുപ്പത്തില്‍ സാദ്ധ്യമായി.
അടുത്തപടിയായി ഇന്ത്യയും അഫ്ഗാനിസ്ഥാനും ഒരു സംയുക്ത വ്യോമഇടനാഴി രൂപികരിക്കാന്‍ ഉള്ള ശ്രമങ്ങളിലാണ്. പാകിസ്ഥാന് മുകളില്‍ക്കൂടി പറക്കുമ്പോഴുള്ള അനുമതിനേടല്‍ ഒരു കീറാമുട്ടിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ആണിത്. ബംഗ്ലാദേശുമായി ചേര്‍ന്ന്‍ ഇരുരാജ്യങ്ങള്‍ക്കിടയിലേയും യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിരവധി റോഡ്-റെയില്‍-നദീമാര്‍ഗ്ഗ-വ്യോമ-സമുദ്ര ഗതാഗത പദ്ധതികളാണ് ഇന്ത്യ ആസൂത്രണം ചെയ്തിരിക്കുന്നത്. 2014 മുതല്‍ നടന്നുവരുന്ന ഡല്‍ഹി-കാഠ്മണ്ഡു ബസ് സര്‍വ്വീസിലൂടെ ഇന്ത്യയ്ക്കും നേപ്പാളിനും ഇടയ്ക്കുള്ള ആള്‍-ചരക്കു നീക്കങ്ങളും സുഗമമായി നടന്നുവരുന്നു.
2014-ല്‍ അധികാരമേറ്റെടുത്ത സമയം മുതല്‍ പ്രാദേശിക കൂട്ടായ്മകള്‍ ശക്തിപ്പെടുത്താന്‍ പരമപ്രധാനമായ നടപടികളാണ് മോദി ഗവണ്മെന്‍റ് കൈക്കൊണ്ടു വരുന്നത്. പാകിസ്ഥാനെയും ഇന്ത്യ ഈ ശ്രമങ്ങളുടെ സുപ്രധാന കണ്ണിയായി കണക്കാക്കിയിരുന്നു. പക്ഷേ, തുടര്‍ച്ചയായി ദക്ഷിണേഷ്യന്‍ മേഖലയിലെ സമാധാനഭംഗത്തിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന പാകിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമേയല്ല.
ബ്രിക്സ്-ബിംസ്ടെക് സംയുക്ത സമ്മേളനത്തിന് ആറ് ബിംസ്ടെക് നേതാക്കന്മാരെയാണ് മോദി ക്ഷണിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംങ്ങ് തോബ്ഗേ, മ്യാന്മര്‍ ദേശീയ ഉപദേഷ്ടാവ് ആങ്ങ് സാന്‍ സ്യൂകി, നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ, തായ്ലണ്ടില്‍ നിന്നുള്ള ഉന്നതനേതാക്കള്‍ എന്നിവരാണ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ബ്രിക്സ്-ബിംസ്ടെക് സംയുക്തസമ്മേളനത്തില്‍ പങ്കെടുക്കുക.
പാകിസ്ഥാനെ ഒഴിവാക്കിയുള്ള പ്രാദേശികഐക്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ആഴ്ചകളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാരുടെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനങ്ങളുടെ തിരക്കായിരുന്നു. നേപ്പാളിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത പ്രചണ്ഡയുടെ ഇന്ത്യാസന്ദര്‍ശനത്തോടെ ഇടയ്ക്കൊന്നുലഞ്ഞ് നിന്നിരുന്ന ഇന്ത്യ-നേപ്പാള്‍ ബന്ധം വീണ്ടും ഊഷ്മളമായി. അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനിയുടെ സന്ദര്‍ശനവേള ഇന്ത്യാ-അഫ്ഗാന്‍ ബന്ധം സുദൃഡമാക്കാനുള്ള നിരവധി പദ്ധതികളുടെ ചര്‍ച്ചാവേദിയായി. ഡിസംബര്‍ ആദ്യവാരം ഇന്ത്യ ആതിഥ്യമരുളുന്ന “ഹാര്‍ട്ട് ഓഫ് ഏഷ്യ” കോണ്‍ഫ്രന്‍സിലും ഗനിയടക്കമുള്ള പ്രാദേശിക രാഷ്ട്രത്തലവന്മാരുടെ സാനിദ്ധ്യം ഉണ്ടാകും. അമൃത്സറില്‍ വച്ചായിരിക്കും ഈ കോണ്‍ഫ്രന്‍സ്.
ചുരുക്കത്തില്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഇടയിലെ വിഷമുള്ളായ പാകിസ്ഥാനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ശക്തമായ കൂട്ടായ്മയാണ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്നത്. ഇതേപ്പറ്റി ഒരു തിരിച്ചറിവുണ്ടായി ഭീകരതയ്ക്ക് കുടപിടിക്കുന്ന തങ്ങളുടെ നിലപാടുകള്‍ പുന:പരിശോധിക്കാന്‍ പാകിസ്ഥാന്‍ തയാറായില്ലെങ്കില്‍ നഷ്ടം പാക്-ജനതയ്ക്ക് തന്നെ.
Post Your Comments