ജയ്സാല്മീര്‍ ● രാജസ്ഥാനില്‍ ജയ്സാല്‍മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 15 -20 കിലോമീറ്റര്‍ മാത്രം അകലെ പാകിസ്ഥാന്‍ സൈനികാഭ്യാസം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ കര-വ്യോമസേനകള്‍ സംയുക്തമായാണ് സൈനികാഭ്യാസം തുടങ്ങിയതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം പാകിസ്ഥാന്‍ സൈനിക വാഹനങ്ങളുടെ നീക്കവും മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന അഭ്യാസപ്രകടനങ്ങളില്‍ 15,000 കരസേന അംഗങ്ങളും 300 ഓളം വ്യോമാസേനാംഗങ്ങളും പങ്കെടുക്കുമെന്നും അഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന്റെ രണ്ടാമത്തെ സ്ട്രൈക്ക് കോര്‍ ഈ യുദ്ധ അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കുന്നുവെന്നുള്ളതാണ് ഏറ്റവും പ്രധാനം. പുതിയ ആയുധ ഉപകരണങ്ങളുടെ പരീക്ഷണവും യുദ്ധ വിമാനങ്ങളുടെയും ടാങ്കുകളുടെയും പീരങ്കികളുടെയും അഭ്യാസവും നടക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ പാക്ക് സൈന്യത്തിലെ ഉന്നതർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കറാച്ചി ആസ്ഥാനമായ പാക്കിസ്ഥാന്‍ സേനയുടെ 5 ാം കോറും മുള്‍ട്ടാന്‍ ആസ്ഥാനമായ ണ്ടാമത്തെ സ്ട്രൈക്ക് കോറും 205 ബ്രിഗേഡുമാണ് യുദ്ധ അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഉറി ഭീകരാക്രമണത്തിനു ശേഷം പാക്ക് സൈന്യവും വ്യോമസേനയും സംയുക്തമായി നടത്തുന്ന ഏറ്റവും വലിയ സൈനിക അഭ്യാസപ്രകടനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കേവലം അഭ്യാസപ്രകടനം എന്നതിലുപരി ബങ്കറുകള്‍, മറ്റു തന്ത്രപ്രധാന പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും നവീകരണവും പാക്കിസ്ഥാന്‍ സേന ഇതിലൂടെ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്.
Post Your Comments