NewsInternational

ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് ശക്തിയുണ്ടോ? പാക് വ്യോമസേനയുടെ വിലയിരുത്തല്‍ ഇങ്ങനെ

ഇസ്ലാമാബാദ്● ഇന്ത്യയെ നേരിടാന്‍ പാക് വ്യോമസേനയ്ക്ക് ശക്തിയില്ലെന്ന് പാകിസ്ഥാന്‍ എയര്‍ ചീഫ് മാര്‍ഷല്‍ സുഹൈല്‍ അമാന്‍. സുഖോയ്, തേജസ്‌ തുടങ്ങിയ അത്യാധുനിക പോര്‍വിമാനങ്ങളും മിസൈലുകളും കൈവശമുള്ള ഇന്ത്യയെ നേരിടാനുള്ള ശേഷി പാക്കിസ്ഥാന്റെ കൈവശമുള്ള പോര്‍വിമാനങ്ങള്‍ക്കില്ലെന്നാണ് പാക്‌ വ്യോമസേനയുടെ വിലയിരുത്തല്‍.

സുഖോയ്, തേജസ് തുടങ്ങി അത്യാധുനിക പോര്‍വിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. കൂടാതെ 36 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാന്റെ കൈവശമുള്ള ഭൂരിഭാഗം വിമാനങ്ങളും പഴയ ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. യുദ്ധത്തിനിറങ്ങാന്‍ സജ്ജമല്ലാത്തവയാണ് പാക്കിസ്ഥാന്റെ 62 ശതമാനം യുദ്ധവിമാനങ്ങളും. ഇതിനിടെ ചൈനീസ്‌ നിര്‍മ്മിത വിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നുവീഴുന്നതും പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്. 30 വര്‍ഷം പഴക്കമുള്ള പോര്‍വിമാനങ്ങളില്‍ പുതിയ ടെക്‌നോളജി ഘടിപ്പിക്കണമെന്നാണ് പാക്ക് വ്യോമ സേനയുടെ ആവശ്യം. ഇതിനായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും വ്യോമസേന മേധാവികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാന്‍ കയ്യിലുള്ള ഏറ്റവും മികച്ച പോര്‍വിമാനം അമേരിക്കന്‍ നിര്‍മിത എഫ്-16 ആണ്. ഇതിന് തന്നെ 34 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇതില്‍ 50 എണ്ണവും ഇപ്പോള്‍ യുദ്ധത്തിന് സജ്ജമല്ലെന്നാണ് പാക് വ്യോമസേന ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഇപ്പോള്‍ ഈ വിമാനങ്ങള്‍ പുതുക്കാന്‍ തുര്‍ക്കിക്ക് 7.5 കോടി ഡോളറിന് കരാര്‍ നല്‍കിയിരിക്കുകയാണ്. ചൈനയില്‍ നിന്ന് വാങ്ങിയ വിമാനങ്ങള്‍ തകര്‍ന്നുവീഴുന്നത് പതിവ് കാഴ്ചയായതോടെ ഇവയിലുള്ള വിശ്വാസവും പാക് വ്യോമസേനയ്ക്ക് നഷ്ടമായിരിക്കുന്നു.

അതേസമയം, ഇന്ത്യയുടെ കൈവശം 272 റഷ്യന്‍ നിര്‍മിത സുഖോയ്- 30 വിമാനങ്ങളാണ് ഉള്ളത്. ലോകത്തെ ഏറ്റവും മികച്ച പോര്‍വിമാനമായ ഇത് 2004 ലാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഇതിനിടെ നിരവധി പുതുക്കലുകളും നടത്തിയതാണ്. കൂടാതെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘു സൂപ്പര്‍സോണിക് വിമാനമായ തേജസും ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകരുന്നു. പൊതുമേഖലാ സ്ഥാപനമായ ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോടിക്സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഈ വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 2,205 കിലോമീറ്ററാണ്. തേജസിന്റെ 17 യൂണിറ്റുകളാണ് ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button