NewsTechnology

ഫേസ്ബുക്കിന് ജര്‍മ്മനിയുടെ താക്കീത് !!!

ഹാംബര്‍ഗ്: വാട്‌സ് ആപ്പില്‍ നിന്നും ഫെയ്‌സ്ബുക്ക് ശേഖരിച്ച ജര്‍മ്മന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും വിവരങ്ങള്‍ ഇനിമേല്‍ ശേഖരിക്കരുതെന്നും ജര്‍മ്മന്‍ സ്വകാര്യതാ നിയന്ത്രണ ഏജന്‍സി ചൊവ്വാഴ്ച വ്യക്തമാക്കി.

ജര്‍മ്മനിയിലുള്ള 35 മില്യണ്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെയും ഡാറ്റാ സുരക്ഷാനിയമം മറികടന്നുമാണ് ഫെയ്‌സ്ബുക്ക് വാട്‌സ് ആപ്പില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വരുന്നതെന്ന് ഹാംബര്‍ഗ് കമ്മീഷണര്‍ ഫോര്‍ പ്രോട്ടക്ഷന്‍ ആന്‍ഡ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അറിയിച്ചു.

രണ്ട് വര്‍ഷം മുമ്പ് വാട്‌സ് ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കവെ വിവരങ്ങള്‍ അന്യോന്യം കൈമാറില്ലെന്ന് പൊതുജനങ്ങളെ ധരിപ്പിച്ചിരുന്നതായി കമ്മീഷണര്‍ ജോഹാന്‍സ് കാസ്പര്‍ പറഞ്ഞു. 19 ബില്യണ്‍ ഡോളര്‍ ഇടപാടിലൂടെയാണ് ഫെയ്‌സ്ബുക്ക് നവമാധ്യമമായ വാട്‌സ് ആപ്പ് മെസഞ്ചറിനെ രണ്ട് വര്‍ഷം മുമ്പ് സ്വന്തമാക്കിയത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, മറിച്ച് നിയമം മറികടക്കുകയുമാണ് ഫെയ്‌സ്ബുക്ക് ചെയ്തിരിക്കുന്നതെന്ന് ജോഹാന്‍സ് കാസ്പര്‍ വ്യക്തമാക്കി. എന്നാല്‍ യൂറോപ്യന്‍ യുണിയന്റെ ഡാറ്റ സുരക്ഷ നിയമം പാലിച്ചാണ് തങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഹാംബര്‍ഗ് ഡിപിഎ യുടെ ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.
വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിലുണ്ടായ മാറ്റത്തെ തങ്ങള്‍ എതിര്‍ക്കുമെന്ന് യു.എസ്‌-യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണ ഏജന്‍സികള്‍ അറിയിച്ചതിന് പിന്നാലെയാണ് ജര്‍മ്മന്‍ സ്വകാര്യത നിയന്ത്രണ ഏജന്‍സിയായ ഹാംബര്‍ഗ് ഡിപിഎയും ഫെയ്‌സ്ബുക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button