
കോന്നി : ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. പയ്യനാമണ്‍ പത്തലുകുത്തി കൊട്ടാരത്തില്‍ മനുവിന്റെ ഭാര്യ കലാമോളുടെ (28) മരണവുമായി ബന്ധപ്പെട്ടാണ് പരാതി. ശനിയാഴ്ച രാവിലെ പത്തോടെയാണ് ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കലാമോളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കലമോള് മരിച്ച വിവരം തന്നെ അറിയിച്ചില്ലെന്ന് മാതാവ് അതുമ്പുംകുളം ഞള്ളൂര്‍ കലേഷ് ഭവനില്‍ ആനന്ദവല്ലി പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു. മനു മകളെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് പരാതിയില്‍ ആനന്ദവല്ലി സൂചിപ്പിച്ചിട്ടുണ്ട്. മരിക്കുന്നതിന് തലേന്ന് വിദേശത്തുള്ള സഹോദരന് കലേഷിനെ കലമോള് വിളിച്ച് താന്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പറഞ്ഞിരുന്നു. വസ്തു വാങ്ങാന്‍ മൂന്നുലക്ഷം രൂപ നല്‍കുകയോ അഞ്ചു സെന്റ് സ്ഥലം വാങ്ങി നല്‍കുകയോ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മനു മര്‍ദിച്ചിരുന്നതെന്നും പറഞ്ഞു. തത്കാലം ഒരു ലക്ഷം രൂപ നല്‍കാമെന്നും ബാക്കി പിന്നീട് ശരിയാക്കാമെന്നും കലേഷ് പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാതെ കലയെ മനു ക്രൂരമായി മര്‍ദിച്ചിരിക്കാമെന്ന് പരാതിയിലുണ്ട്. മകളുടെ മൃതദേഹവും ചെറുമകളായ ഗൗരിനന്ദനയെ (അഞ്ച്)യും തനിക്ക് വിട്ടു തരണമെന്നും ആനന്ദവല്ലി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments