KeralaNews

പട്ടിണി മരണത്തിന് കാരണമായത് ബന്ധുക്കളുടെ അനാസ്ഥ : മകളുടെ നിലയും ഗുരുതരം

എടപ്പാള്‍ : നഗരത്തിനുസമീപത്തെ വീട്ടില്‍ പത്തുദിവസമായി ഭക്ഷണം കഴിക്കാതെയാണ് 53 കാരി മരിച്ചത്. മൃതശരീരം കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന മകളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി റോഡില്‍ എടപ്പാള്‍ ആശുപത്രിക്കുസമീപം താമസിക്കുന്ന കുന്നത്തുനാട് വീട്ടില്‍(വടക്കത്ത്)ശോഭയാണ് മരിച്ചത്. മകള്‍ ശ്രുതി(26)യെ ആരോഗ്യ വകുപ്പധികൃതരാണ് എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രുതിയെ രോഗംമാറിയ ശേഷം നോക്കാനാരുമില്ലാത്ത അവസ്ഥയാണെങ്കില്‍ അഭയമന്ദിരത്തിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറ്റാന്‍ നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പട്ടിണി മരണമാണെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തിലാണ് നടപടി. മലപ്പുറം ജില്ലാകളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അന്വേഷിച്ച് അടിയന്തരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു. കേസ് അടുത്തമാസം മലപ്പുറത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശോഭയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരിസരവാസികളോടൊന്നും ഇവര്‍ക്ക് കാര്യമായ ബന്ധമില്ലായിരുന്നു. തൊട്ടപ്പുറത്തുതന്നെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നുണ്ട്. എന്നാല്‍, ആരുചെന്നാലും വാതില്‍ തുറക്കാറില്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവരുടെ കാര്യങ്ങള്‍ അന്വേഷിക്കാനും സഹായിക്കാനുമെല്ലാം ഇടയ്‌ക്കെത്താറുള്ള ഗ്രാമപ്പഞ്ചായത്തംഗം കെ.പി. റാബിയ തിങ്കളാഴ്ച രാവിലെ വന്നപ്പോഴാണ് മരിച്ചു കിടക്കുന്ന ശോഭയെയും അവരെ കെട്ടിപ്പിടിച്ച് കിടക്കുന്ന അവശയായ മകളെയും കണ്ടത്. പാഴ് വസ്തുക്കളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളുമെല്ലാം കൂടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന മുറിയിലായിരുന്നു ഇവര്‍ കിടന്നിരുന്നത്. പരേതരായ സുന്ദരമേനോന്റെയും സരോജിനിഅമ്മയുടെയുടെയും മകളാണ് ശോഭ. സഹോദരങ്ങള്‍: ശ്രീകുമാര്‍(ബാബു), ശങ്കരനുണ്ണി(റിട്ട.ബാങ്ക് മാനേജര്‍), ലത കോഴിക്കോട്, സാവിത്രി(ബറോഡ)
പ്രദേശത്തെ പേരുകേട്ട തറവാട്ടിലെ സാമ്പത്തികഭദ്രതയുള്ള കുടുംബാംഗമായിരുന്നു മരിച്ച ശോഭ. ഈശ്വരഭക്തിയുള്ള ഇവരെ ക്ഷേത്രങ്ങളില്‍ പോകുമ്പോഴല്ലാതെ അപൂര്‍വമായി മാത്രമാണ് പുറത്തു കാണാറുള്ളത്. വിവാഹംകഴിഞ്ഞെങ്കിലും മകള്‍ പിറന്ന് അധികം കഴിയുംമുന്‍പേ ബന്ധംപിരിഞ്ഞിരുന്നു. ഏതാനുംനാള്‍ മുന്‍പ് ഗ്യാസ് സ്റ്റൗ കേടായതിനെത്തുടര്‍ന്ന് ഹോട്ടലില്‍നിന്നായിരുന്നു ഇവര്‍ ഭക്ഷണം വാങ്ങിക്കഴിച്ചിരുന്നതെന്നാണ് തൊട്ടടുത്തുള്ള ബന്ധു പറഞ്ഞത്. പിന്നീട് അതും നിലച്ചത് ആരുംശ്രദ്ധിച്ചില്ല. നാട്ടുകാര്‍ കണ്ടെത്തുന്ന സമയത്ത് എലി കടിച്ചതുപോലുള്ള മുറിവുകളുമായിക്കിടന്ന ശോഭയുടെ മൃതശരീരത്തില്‍ കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു മകള്‍ ശ്രുതി. മരിച്ച വിവരംപോലുമറിയാതെയായിരുന്നു ഇവരുടെ കിടപ്പ്. പത്തുദിവസത്തോളമായി ഭക്ഷണമൊന്നും കിട്ടാറില്ലെന്നും ആരും അന്വേഷിച്ചുവന്നിരുന്നില്ലെന്നുമാണ് ശ്രുതി പറഞ്ഞത്.
മരിച്ചശോഭയുടെ മകള്‍ മൂന്നുദിവസം മുന്‍പ് എടപ്പാളിലെ ടാക്‌സി ഡ്രൈവറെ വിളിച്ച് വീട്ടിലേക്ക് ചെല്ലാനാവശ്യപ്പെട്ടിരുന്നു. അമ്മയ്ക്കു സുഖമില്ലെന്നും ഭക്ഷണംകഴിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ കൊണ്ടു പോകണമെന്നും മകള്‍ പറഞ്ഞിരുന്നതായി ഡ്രൈവര്‍ അറിയിച്ചു. എന്നാല്‍ താന്‍ കാറുമായിച്ചെല്ലാന്‍ ശ്രമിച്ചെങ്കിലും ചില ബന്ധുക്കള്‍ പറഞ്ഞതനുസരിച്ച് പിന്മാറുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button