ദില്ലി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തെ തുടര്‍ന്നുള്ള കേസ് അന്വേഷണത്തില്‍ ശശി തരൂരിന്റെയും സുനന്ദയുടെയും ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് കാനഡ നീതിപീഠത്തില്‍ നിന്നും നിയമോപദേശം തേടി ദില്ലി പോലീസ് കത്തയച്ചു. ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത മെസേജുകളുടെ വിവരങ്ങള്‍ മോഷന്‍ റിസര്‍ച്ച് ലിമിറ്റഡ് വഴി ലഭിക്കുന്നതിനാണ് കത്തിലൂടെ സഹായം തേടിയിരിക്കുന്നത്. 2014 ജനുവരി 17 ന് സൗത്ത് ദില്ലിയിലെ ഹോട്ടല്‍ മുറിയിലാണ് സുനന്ദയുടെ മൃതശരീരം കണ്ടെത്തിയത്. തരൂരുമായുള്ള മെഹറിന്റെ ബന്ധത്തെകുറിച്ച് സുനന്ദ ട്വിറ്ററില്‍ എഴുതിയതിന് അടുത്ത ദിവസത്തിലായിരുന്നു മരണം സംഭവിച്ചത്.
മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ നളിനി സിങ് സുനന്ദ മരിക്കുന്നതിന് മുന്‍പ് സന്ദേശങ്ങള്‍ കൈമാറി എന്നും ശശി തരൂരും പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹറും അയച്ചിട്ടുള്ള സന്ദേശങ്ങള്‍ തരൂരിന്റെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തതായി പറഞ്ഞു എന്നും പറയുന്നു.എന്നാല്‍ അന്വേഷണത്തില്‍ തരൂരിന്റെ ഫോണില്‍ നിന്നും മെഹര്‍ അയച്ചതായിട്ടുള്ള സന്ദേശങ്ങളോ നളിനിയ്ക്ക് കൈമാറിയ സന്ദേശങ്ങളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
മരണത്തെ തുടര്‍ന്ന് തരൂരടക്കം നിരവധി പേര്‍ കേസില്‍ ചോദ്യം ചെയ്യപ്പെട്ടു. വിഷത്തിന്റെ അംശം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചത് എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
തുടര്‍ന്ന് 2015 ജനുവരിയില്‍ കൊലപാതക കേസ് ചാര്‍ജ് ചെയ്തെങ്കിലും കേസ് തെളിയിക്കുന്നതിനുള്ള രേഖകള്‍ പോലീസിന് ലഭിച്ചിരുന്നില്ല. സന്ദേശങ്ങള്‍ പരിശോധിക്കുന്നതിലൂടെ കേസിന് വഴിത്തിരിവ് സംഭവിക്കും എന്നാണ് ദില്ലി പോലീസ് പറയുന്നത്.
Post Your Comments